തിരിച്ചടിച്ച് ഇറാൻ ; ഇസ്രയേലിലേക്ക് മിസെെൽവർഷം , ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാനിർദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 10:38 PM | 0 min read

ടെൽ അവീവ്‌
പതിനൊന്ന് മാസത്തിലേറെയായി ​ഗാസയിലേക്കും ഒരാഴ്ചയിലേറെയായി ലബനനിലേയ്ക്കും ഇസ്രയേല്‍ തുടരുന്ന മനുഷ്യക്കുരുതിയ്ക്ക് തിരിച്ചടിയുമായി ഇറാൻ. ചൊവ്വ രാത്രിയോടെ ഇസ്രയേലിലേക്ക്‌ ഇറാന്‍ മിസൈൽ ആക്രമണം നടത്തി. ടെൽ അവീവിലേക്കും ജറുസലേമിലേക്കുമായിരുന്നു മിസൈൽവർഷം. ഇരുനൂറോളം ബാലിസ്‌റ്റിക്‌ മിസൈലുകളാണ്‌ ഇറാൻ തൊടുത്തതെന്നും അവയെ പ്രതിരോധിച്ചെന്നും ഇസ്രയേൽ അവകാശപ്പെട്ടു. മിസൈലുകൾ വെടിവച്ചിടാൻ മേഖലയിലുള്ള അമേരിക്കൻ സൈനികർക്ക്‌ പ്രസിഡന്റ്‌ ജോ ബൈഡൻ നിർദേശം നൽകി. എന്നാല്‍ ജനവാസ മേഖലകളില്‍ മിസൈലുകള്‍ പതിച്ചതായി ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്. ആക്രമണത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ടെൽ അവീവിലേക്ക്‌ ആക്രമണം നടത്തിയതായി ഇറാനും സ്ഥിരീകരിച്ചു. ഗാസയിലേക്കും ലബനനിലേക്കും നടത്തിയ ആക്രമണത്തിനും ഹമാസ്‌ മേധാവി ഇസ്മയിൽ ഹനിയേയുടെയും ഹിസ്‌ബുള്ള തലവൻ ഹസൻ നസറള്ളയുടെയും വധത്തിനുമുള്ള തിരിച്ചടിയാണ്‌ ആക്രമണമെന്ന്‌ ഇറാൻ റവല്യൂഷണറി ഗാർഡ്‌സ്‌ പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തോട്‌ ഇസ്രയേല്‍ സൈനികമായി പ്രതികരിച്ചാൽ അതിശക്തമായ തിരിച്ചടി നൽകുമെന്നും ഇറാന്‍ മുന്നറിയിപ്പ്‌ നൽകി.

ഇറാന്‍ മിസൈലുകള്‍ പതിക്കുന്നതിന് മുന്നോടിയായി ഇസ്രയേലില്‍ രാത്രി 10.8ന് രാജ്യമെമ്പാടും വ്യോമാക്രമണ മുന്നറിയിപ്പ്‌ നല്‍കുന്ന സൈറണുകൾ മുഴങ്ങി. ജനങ്ങൾ ബങ്കറുകളിലേക്കോ മറ്റ്‌ സുരക്ഷിത സ്ഥാനത്തേക്കോ മാറ്റണമെന്ന്‌ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഇറാൻ ഒരിക്കലും മറക്കാത്തവിധത്തിലുള്ള തിരിച്ചടി നൽകുമെന്ന്‌ ഇസ്രയേൽ ധനമന്ത്രി ബെസലേൽ സ്‌മോട്രിച്ച്‌ പറഞ്ഞു.

ഇറാൻ ഇസ്രയേലിലേക്ക്‌ ഉടൻ മിസൈൽ ആക്രമണം നടത്തുമെന്ന്‌ വൈറ്റ്‌ ഹൗസ്‌ നേരത്തേ മുന്നറിയിപ്പ്‌ നൽകിയിരുന്നു. ഇസ്രയേലിലെ ഇന്ത്യക്കാര്‍ അതീവ ​ജാ​ഗ്രത പുലര്‍ത്തണമെന്ന് ടെല്‍അവീവിലെ ഇന്ത്യന്‍ എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. അതിനിടെ ടെല്‍ അവീവില്‍ വെടിവെയ്പ് ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് ആക്രമികള്‍ നടത്തിയ വെടിവെയ്പില്‍ ആറു‍പേര്‍ കൊല്ലപ്പെട്ടു. അക്രമികളെ വധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home