ലബനനിൽ കടന്ന്‌ ഇസ്രയേൽ സൈന്യം ; അതിർത്തി കടന്നത്‌ അമേരിക്കയുടെ അറിവോടെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 01, 2024, 02:29 AM | 0 min read

ടെൽ അവീവ്‌/ ബെയ്‌റൂട്ട്‌
കരയാക്രമണം ഒഴിവാക്കണമെന്ന ലോകരാജ്യങ്ങളുടെയും ഐക്യരാഷ്ട്ര സംഘടനയുടെയും തുടർ മുന്നറിയിപ്പുകൾ അവഗണിച്ച്‌ ചെറുസംഘം സൈനികരെ ലബനനിലേക്ക്‌ അയച്ച്‌ ഇസ്രയേൽ. തിങ്കൾ രാത്രിയോടെയാണ്‌ ഇസ്രയേൽ സൈനികർ ലബനൻ മണ്ണിൽ പ്രവേശിച്ചത്‌. ലബനൻ–- ഇസ്രയേൽ സൈന്യങ്ങൾ നേരിട്ട്‌ ഏറ്റുമുട്ടിയതായി റിപ്പോർട്ടില്ല. അതിർത്തിയിലെ നിരീക്ഷണ പോസ്‌റ്റുകളിൽനിന്ന്‌ ലബനൻ സൈന്യം പിന്മാറുന്നതായും റിപ്പോർട്ട്‌. ചെറിയ രീതിയിൽ കരയാക്രമണം തുടങ്ങിയെന്ന്‌ ഇസ്രയേൽ അറിയിച്ചതായി അമേരിക്കൻ വിദേശ വക്താവ്‌ മാത്യു മില്ലർ സ്ഥിരീകരിച്ചു.

വ്യാപക കരയാക്രമണത്തിന്‌ മുന്നോടിയായാണ്‌ ചെറു സംഘം സൈനികരെ അതിർത്തിക്കപ്പുറത്തേക്ക്‌ അയച്ചതെന്നാണ്‌ റിപ്പോർട്ടുകൾ. വിവരം മുൻകൂട്ടി അമേരിക്കയെയും പാശ്ചാത്യ സഖ്യരാഷ്ട്രങ്ങളെയും അറിയിച്ചതായി ഇസ്രയേലും അറിയിച്ചു. അതിർത്തിമേഖലയിലെ ഹിസ്‌ബുള്ള കേന്ദ്രങ്ങളാണ്‌ ലക്ഷ്യമിടുന്നതെന്നും പറഞ്ഞു.

സജ്ജമെന്ന്‌ ഹിസ്‌ബുള്ള
ഇസ്രയേലിന്റെ കരയാക്രമണത്തെ നേരിടാൻ സജ്ജരാണെന്ന്‌ ഹിസ്‌ബുള്ള ഉപമേധാവി നൈം ഖാസെം നേരത്തേ പറഞ്ഞിരുന്നു. തലവനടക്കം നിരവധി കമാൻഡർമാർ കൊല്ലപ്പെട്ടെങ്കിലും പോരാട്ടത്തിൽനിന്ന്‌ പിന്നോട്ടില്ല. പുതിയ മേധാവിയെ ഉടൻ തെരഞ്ഞെടുക്കുമെന്നും ഖാസെം പറഞ്ഞു.

ഇസ്രയേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനുള്ളിൽ ലബനനിൽ  136 പേർ കൊല്ലപ്പെട്ടു. യമനിലെ തുറമുഖ നഗരങ്ങളായ ഹൊദൈദ, റാസ് ഇസ എന്നിവിടങ്ങളിലെ ഊർജനിലയവും തുറമുഖവും ലക്ഷ്യമാക്കിയുള്ള വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടു. ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ടും ശക്തമായ ആക്രമണം നടന്നു. ഏത്‌ തരത്തിലുള്ള ആക്രമണത്തിനും സജ്ജരാകണമെന്ന്‌ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ്‌ ഗാലന്റ്‌ വടക്കൻ അതിർത്തിയിൽ വിന്യസിച്ച സൈനികർക്ക്‌ നിർദേശം നൽകി. ഹമാസ്, ഹിസ്ബുള്ള സംയുക്ത ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെതുടർന്ന്‌ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. വടക്കൻ ഇസ്രയേലിൽ പൊതുസ്ഥലങ്ങളിൽ പത്ത്‌ പേരും ഓഡിറ്റോറിയം പോലുള്ള സ്വകാര്യ ഇടങ്ങളിൽ 150 പേരിലധികവും ഒത്തുചേരുന്നത്‌ വിലക്കി ഉത്തരവിറക്കി. മധ്യ ഇസ്രയേലിൽ ആയിരത്തിലധികംപേർ പങ്കെടുക്കുന്ന പരിപാടികൾ നിരോധിച്ചു. ടെൽ അവീവിലേക്കുള്ള മിക്ക വിമാന സർവീസുകളും റദ്ദാക്കി.

ഇസ്രയേൽ ആക്രമണം ശക്തമാക്കിയതോടെ ലബനനിൽനിന്ന്‌ കുറഞ്ഞത്‌ ലക്ഷം പേർ പ്രാണരക്ഷാർഥം സിറിയയിലേക്ക്‌ പലായനം ചെയ്‌തു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് സിറിയയിൽനിന്ന്‌ ലബനനിലേക്ക് പലായനം ചെയ്തവരാണ് ഇപ്പോൾ മടങ്ങുന്നവരിൽ 80 ശതമാനവും.

അധാര്‍മികം: മാർപാപ്പ
ലബനനെതിരായ ഇസ്രയേൽ ആക്രമണം ധാർമികതയ്‌ക്ക്‌ നിരക്കുന്നതല്ലെന്ന്‌ ഫ്രാൻസിസ്‌ മാർപാപ്പ. ബെൽജിയത്തിൽനിന്ന്‌ റോമിലേക്ക്‌ മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. പ്രതിരോധത്തിന്റെ പേരിൽ തിരിച്ചടിക്കുന്നത്‌ ആക്രമണത്തിന്‌ ആനുപാതികമായിരിക്കണം. അതിനപ്പുറത്തുള്ള ആക്രമണം ആധിപത്യം ലക്ഷ്യമിട്ടുള്ളതാണെന്നും മാർപാപ്പ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home