അമേരിക്കൻ തെരഞ്ഞെടുപ്പ്‌; ചേരി തിരിഞ്ഞ്‌ കോർപ്പറേറ്റ്‌ ഭീമൻമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 27, 2024, 11:46 AM | 0 min read

വാഷിംഗ്ടൺ ഡിസി> 2024 യുഎസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ അടുക്കുമ്പോൾ അമേരിക്കയിൽ ചേരി തിരിഞ്ഞുള്ള തെരഞ്ഞെടുപ്പ്‌ പോരാട്ടം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്‌. നവംബറിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അമേരിക്കൻ കോർപ്പറേറ്റ്‌ ലോകത്താണ്‌ ഈയൊരു വലിയ ഭിന്നത കടന്നു വന്നിട്ടുള്ളത്‌.

അമേരിക്കൻ ടെക് ഭീമന്മാരെയും ബാങ്കിംഗ് ഭീമന്മാരെയും വൻകിട കോർപ്പറേറ്റുകളെയും പ്രാദേശിക, ചെറുകിട സ്ഥാപനങ്ങളെ പോലും അമേരിക്കൻ തെരഞ്ഞെടുപ്പ്‌ ഇരുചേരികളിലാക്കി മാറ്റി.

കമലാ ഹാരിസ് വേഴ്‌സസ്‌ ഡൊണാൾഡ് ട്രംപ്‌ ക്യാമ്പെയിനിൽ മൈക്രോസോഫ്റ്റ്, ഗൂഗിൾ (ആൽഫബെറ്റ്), ആമസോൺ, സൺ മൈക്രോസിസ്റ്റംസ് എന്നിവിടങ്ങളിലെ ജീവനക്കാർ ദശലക്ഷക്കണക്കിന് തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനായി സംഭാവന ചെയ്തിട്ടുള്ളത്‌. രാഷ്ട്രീയ നിരീക്ഷണ സംഘടനയായ ഓപ്പൺ സീക്രട്ട്‌സ് പരസ്യമാക്കിയ ഡാറ്റ പ്രകാരം ട്രംപിന്റെ പ്രചാരണത്തിനേക്കാൾ വളരെ കൂടുതലാണ് കമലാ ഹാരിസിന്റെ പ്രചാരണത്തിന് ഇവർ നൽകിയിട്ടുള്ള സംഭാവന.

എലോൺ മസ്‌ക്, മാർക്ക് സക്കർബർഗ് തുടങ്ങിയ സാങ്കേതിക ശതകോടീശ്വരന്മാരാണ്‌ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ്‌ ചേരിയിൽ അണിനിരന്നിരിക്കുന്നത്‌. വാൾസ്ട്രീറ്റ് ജേണലിലെ റിപ്പോർട്ട് അനുസരിച്ച്, ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് നേതൃത്വം നൽകുന്ന അമേരിക്ക പിഎസി എന്ന സംഘടനയ്ക്ക് മസ്ക്‌ ഓരോ മാസവും 45 മില്യൺ ഡോളർ സംഭാവന ചെയ്യുന്നുണ്ട്‌. ഡൊണാൾഡ് ട്രംപിനെ പരസ്യമായി പിന്തുണയ്ക്കുന്ന മറ്റൊരു കോർപ്പറേറ്റ്‌ ശക്തി പീറ്റർ തീൽ ആണ്.

ഇന്ത്യൻ-അമേരിക്കൻ ശതകോടീശ്വരനും സൺ മൈക്രോസിസ്റ്റംസിന്റെ സഹസ്ഥാപകനുമായ വിനോദ് ഖോസ്‌ല, വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് റീഡ് ഹോഫ്മാൻ എന്നിവർ കമല ഹാരിസിനെ പിന്തുണയ്ക്കുന്നവരിലാണ്‌ ഉൾപ്പെടുന്നത്‌. സുന്ദർ പിച്ചൈയുടെ നേതൃത്വത്തിലുള്ള ഗൂഗിളും (ആൽഫബെറ്റ്)  അനുബന്ധ സ്ഥാപനങ്ങളും കമലാ ഹാരിസിന് 2.16 മില്യൺ ഡോളർ സംഭാവന നൽകിയതായി തെരഞ്ഞെടുപ്പ് ഫണ്ടിംഗ് ഡാറ്റ വെളിപ്പെടുത്തുന്നു.

സത്യ നാദെല്ലയുടെ നേതൃത്വത്തിലുള്ള മൈക്രോസോഫ്റ്റ് കമല ഹാരിസിന്റെ പ്രചാരണത്തിന് 1.1 മില്യൺ ഡോളർ സംഭാവന നൽകിയപ്പോൾ, ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള ആമസോൺ ഒരു മില്യൺ ഡോളർ സംഭാവന നൽകി.

ബാങ്കിംഗ്, ഓയിൽ ഭീമന്മാർ

ബാങ്കിംഗ് കോർപ്പറേറ്റുകൾക്കും ക്രൂഡ് ഓയിൽ കമ്പനികൾക്കും ട്രംപിനോട് കൂടുതൽ ചായ്‌വുള്ളതായാണ്‌ തെരഞ്ഞെടുപ്പ്‌ ഫണ്ടിങ്ങ്‌ വെളിപ്പെടുത്തുന്നത്‌. ട്രംപിന്‌  നേരെ വധശ്രമങ്ങൾ ഉണ്ടായപ്പോൾ അമേരിക്കൻ ഓഹരി വിപണിയിൽ പോലും അത്‌  പ്രതിഫലിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.

ബ്ലൂംബെർഗ് റിപ്പോർട്ട് അനുസരിച്ച്, എണ്ണ കമ്പനികളും ട്രംപും തമ്മിൽ സുഗുമമായ ബന്ധമാണ്‌ നിലനിൽക്കുന്നത്‌.  കാരണം കാലാവസ്ഥാ വ്യതിയാനം പോലുള്ള കാര്യങ്ങളിൽ  തനിക്ക് വിശ്വാസമില്ലെന്നും അത് ‘നുണ’യാണെന്നും പറയുന്ന ട്രംപ്   ഊർജമേഖലയുടെ പ്രവർത്തനങ്ങൾക്കായി കൽക്കരി, എണ്ണ എന്നിവയെ കൂടുതൽ ഉപയോഗപ്പെടുത്തുമെന്ന്‌ പറഞ്ഞിരുന്നു.  

ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വന്നാൽ ബൈഡൻ നടപ്പിലാക്കിയ കർശനമായ നിയമങ്ങൾ പിൻവലിക്കുമെന്ന് ബാങ്കർമാർ വിശ്വസിക്കുന്നു. അങ്ങനെവന്നാൽ ബൈഡൻ ഭരണം നിർദ്ദേശിച്ച പുതിയ ബാങ്കിംഗ് നിയമങ്ങൾ വെളിച്ചം  കാണില്ലെന്നും അവർ വിശ്വസിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home