ഹിസ്‌ബുള്ളയും ലെബനനും നടുങ്ങി; പേജറുകൾ പൊട്ടിത്തെറിച്ച്‌ എട്ട്‌ മരണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 10:03 PM | 0 min read


ബെയ്‌റൂട്ട്‌
ലബനനിൽ ഹിസ്‌ബുള്ള പ്രവർത്തകർ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകൾ വ്യാപകമായി പൊട്ടിത്തെറിച്ച്‌ എട്ട്‌ പേർ കൊല്ലപ്പെട്ടു. 2750 പേർക്ക്‌ പരിക്കേറ്റു. 200 പേരുടെ പരിക്ക്‌ ഗുരുതരമാണെന്ന്‌ ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സിറിയൻ തലസ്ഥാനമായ ഡമാസ്‌കസിലും പേജർ പൊട്ടിത്തെറിച്ച്‌ ഏഴ്‌ പേർ മരിച്ചതായും വിവരമുണ്ട്.  ലെബനൻ അതിർത്തിയിലേക്ക്‌ യുദ്ധലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ സ്‌ഫോടന പരമ്പര. ആക്രമണത്തിന്‌ പിന്നിൽ ഇസ്രയേലാണെന്ന്‌ ലബനൻ സർക്കാർ ആരോപിച്ചു. പരിക്കേറ്റവരിൽ ലബനനിലെ ഇറാൻ അംബാസഡർ മൊജ്‌താബ അമാനിയും ഉൾപ്പെടും. ലബനനിലെ സായുധ വിഭാഗമായ ഹിസ്‌ബുള്ളയുടെ വിവിധ യൂണിറ്റുകളിലെ ജീവനക്കാർ ഉപയോഗിച്ചിരുന്ന ആശയവിനിമയ ഉപകരണമായ പേജറുകളാണ്‌ പൊട്ടിത്തെറിച്ചത്‌.

ശക്തമായി
തിരിച്ചടിക്കുമെന്ന് ഹിസ്ബുള്ള
ലെബനനിലും സിറിയയിലും പേജറുകൾ പൊട്ടിത്തെറിച്ച്‌ വിവിധ ഇടങ്ങളിൽ മൂവായിരത്തോളം പേർക്ക് പരിക്കേറ്റതിൽ ഇസ്രയേലിന്റെ ​ഹീനനീക്കത്തെ വിമർശിച്ച് ലെബനീസ് സായുധസംഘമായ ഹിസ്ബുള്ള രം​ഗത്തെത്തി. ദുഷ്ടനീക്കത്തിന്റെ പൂർണ ഉത്തരവാദിത്വം ഇസ്രയേലിനാണെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഹിസ്ബുള്ള പ്രതികരിച്ചു.

ലെബനൻ അതിർത്തിയിൽനിന്ന്‌ പലായനം ചെയ്‌ത ഇസ്രയേലുകാരെ തിരികെകൊണ്ടുവരുംവിധം യുദ്ധലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന്‌ തൊട്ടുപിന്നാലെയാണ്‌ സ്‌ഫോടന പരമ്പരയുണ്ടായത്. ഹിസ്‌ബുള്ള സംഘാം​ഗങ്ങൾ ഉപയോ​ഗിച്ചിരുന്ന പേജറുകളാണ് പ്രധാനമായും പൊട്ടിത്തെറിച്ചത്. മൊബൈൽഫോൺ വരുംമുമ്പ് ലോകത്ത് വ്യാപകമായി ഉപയോ​ഗിച്ചിരുന്ന ആശയവിനിമയ സംവിധാനമാണിത്. രഹസ്യസന്ദേശ കൈമാറ്റത്തിനായി ഹിസ്ബുള്ള പേജറുകൾ ഇപ്പോഴും ഉപയോ​ഗിക്കുന്നുണ്ട്. പുതുതായി വാങ്ങിയ പേജർ ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. പെട്ടെന്ന് ചൂടാവുകയും ഉപകരണം പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്നാണ് റിപ്പോർട്ട്.

സിറിയൻ മേഖലയിലും ഹിസ്ബുള്ള കേന്ദ്രങ്ങളിലാണ് സ്ഫോടനമുണ്ടായത്. ലെബനനിൽ പരിക്കേറ്റ മൂവായിരത്തോളം പേരിൽ ഇരുനൂറോളം പേരുടെ നില അതീവ ​ഗുരുതരമാണ്. എട്ടുവയസ്സുകാരിയും കൊല്ലപ്പെട്ടവരിലുണ്ടെന്ന് റിപ്പോർട്ടുണ്ട്.  ആക്രമണത്തിന്‌ പിന്നിൽ ഇസ്രയേലാണെന്ന്‌ ലെബനൻ സർക്കാർ ആരോപിച്ചു. യെമനിലെ ഹൂതി വിമത സൈന്യവും സംഭവത്തിൽ ഇസ്രയേലിനെതിരെ രം​ഗത്തെത്തി.



deshabhimani section

Related News

View More
0 comments
Sort by

Home