ദക്ഷിണ ചൈനയിൽ ആഞ്ഞടിച്ച്‌ 'യാഗി': വേഗത മണിക്കൂറിൽ 234 കിലോമീറ്റർ; മരണം 3

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 07, 2024, 07:55 PM | 0 min read

ബീജിങ്>2024 ലെ ഏഷ്യയിലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ കൊടുങ്കാറ്റ്‌ ‘യാഗി’ ദക്ഷിണ ചൈനയിലെ ഹൈനാനിൽ ആഞ്ഞടിച്ചു. ശക്തമായ കൊടുങ്കാറ്റിൽ 3 പേർ മരിച്ചതായും 95 പേർക്ക് പരിക്ക്‌ പറ്റിയതായും ചൈനീസ്‌ മാധ്യമമായ ഗ്ലോബൽ ടൈംസ്‌ റിപ്പോർട്ട് ചെയ്തു.

മണിക്കൂറിൽ 234 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റ്‌ ഈ ആഴ്ച ആദ്യം വടക്കൻ ഫിലിപ്പീൻസിൽ 16 പേരുടെ മരണത്തിനിടയാക്കിയിരുന്നു.

യാഗി ദുരന്തത്തെത്തുടർന്ന് ദുരന്തനിവാരണം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്റ്‌ ഷി ജിന്‍ പിങ് അറിയിച്ചു. യാഗിയുടെ വരവോടെ ഹൈനാൻ പ്രവിശ്യയിലെ 8,30,000 വീടുകളിൽ വൈദ്യുതി മുടങ്ങിയതായി ചൈനീസ്‌ ഔദ്യോഗിക വാർത്താ ഏജൻസി ‘സിൻഹുവ’ പറഞ്ഞു. പ്രവിശ്യയിലെ വൈദ്യുതി വിതരണ വകുപ്പ് 7,000 അംഗ എമർജൻസി ടീമിനെ രൂപീകരിച്ചതായും വൈദ്യുതി പുനസ്ഥാപിക്കാനുള്ള അറ്റകുറ്റപ്പണികൾ ആരംഭിച്ചതായും സിൻഹുവ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയോടെ തന്നെ 2,60,000 വീടുകളിൽ വൈദ്യുതി പുനഃസ്ഥാപിച്ചു. ചുഴലിക്കാറ്റിനു മുമ്പ്‌ തന്നെ സർക്കാർ മാർഗനിർദേശങ്ങൾ നൽകിയിരുന്നു.

തീരദേശ നഗരമായ ബെയ്‌ഹായ്, ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ തടയുന്നതിനായി വാണിജ്യ സ്ഥലങ്ങൾ, സ്കൂളുകൾ എന്നിവ അടയ്ക്കുകയും നിർമാണ സൈറ്റുകളിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചതായി അറിയിക്കുകയും ചെയ്തു.

അറ്റ്‌ലാന്റിക് ചുഴലിക്കാറ്റായ ബെറിലിനു ശേഷം ഈ വർഷത്തെ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ്‌ യാഗി.
 



deshabhimani section

Related News

View More
0 comments
Sort by

Home