കെനിയയിൽ ഹോസ്റ്റൽ കെട്ടിടത്തിൽ തീപ്പിടിത്തം: 17 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:08 PM | 0 min read

നെയ്റോബി > കെനിയയിൽ സ്കൂളിലെ ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായ അ​ഗ്നിബാധയിൽ 17 വിദ്യാർഥികൾക്ക് ദാരുണാന്ത്യം. 14 വിദ്യാർഥികൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു. നയേരി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്കൂളിലാണ് തീപ്പിടിത്തമുണ്ടായത്.  തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

സംഭവത്തിൽ അന്വേഷണം ആരംഭിക്കുന്നതിനായി സിഐഡി ഡെപ്യൂട്ടി ഡയറക്ടർ ജോൺ ഒൻയാങ്കോ, ഹോമിസൈഡ് ഡയറക്ടർ മാർട്ടിൻ ന്യുഗുട്ടോ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സംഘത്തെ വിന്യസിച്ചു. വിദ്യാർഥികൾ താമസിക്കുന്ന ഡോർമിറ്ററികളിലൊന്നിന് തീപിടിച്ചതാണ് മരണസംഖ്യ ഉയർത്തിയത്.

അഞ്ചിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് ബോർഡിങ് സ്കൂളിലുണ്ടായിരുന്നത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. സ്കൂളിൽ അഗ്നിബാധയുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും സമഗ്ര അന്വേഷണത്തിന് ഉത്തരവിടുന്നതായും കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ എക്സിൽ കുറിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home