കടന്നാക്രമണം ശക്തമാക്കി ഉക്രയ്‌ൻ ; കുർസ്‌കിൽ മറ്റൊരു പാലംകൂടി തകർത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2024, 01:26 AM | 0 min read


മോസ്‌കോ
റഷ്യയുടെ അധീനതയിലുള്ള കുർസ്‌ക്‌ പ്രവിശ്യയിൽ കടന്നാക്രമണം ശക്തമാക്കി ഉക്രയ്‌ൻ സൈന്യം. സവാന്നോയ്‌ നഗരത്തിനു സമീപത്തെ പ്രധാന പാലവും വ്യോമാക്രമണത്തിൽ തകർത്തു. ഗ്ലുഷ്‌കോവ്‌ നഗരത്തിനു സമീപമുള്ള സീം നദിക്കു കുറുകെയുള്ള പാലം വെള്ളിയാഴ്‌ച ഉക്രയ്‌ൻ സൈന്യം തകർത്തിരുന്നു. ഉക്രയ്‌ൻ വ്യോമസേനാ കമാൻഡർ മൈക്കൽ ഒലെഷുൻകാണ്‌ പാലം തകർത്ത വിവരം ദൃശ്യങ്ങൾസഹിതം ടെലഗ്രാം ചാനലിലൂടെ പുറത്തുവിട്ടത്‌.

യുഎസ്‌ നിർമിത മിസൈലുകൾ ഉപയോഗിച്ചാണ്‌ സീം നദിക്കു കുറുകെയുള്ള പാലം തകർത്തതെന്ന്‌ റഷ്യ ആരോപിച്ചിരുന്നു. മേഖലയിലെ രണ്ടാമത്തെ പാലംകൂടി തകർത്തതോടെ പ്രദേശത്തുനിന്ന്‌ ജനങ്ങളെ മറ്റിടങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിക്കുന്നത്‌ ദുഷ്‌കരമായി. 1.20 ലക്ഷം പേരോളം ഇതിനകം മേഖലയിൽനിന്ന്‌ മാറിയിട്ടുണ്ട്‌.

ആണവസുരക്ഷയിൽ ആശങ്കയറിയിച്ച്‌ 
യുഎൻ
റഷ്യയുടെ അധീനതയിലുള്ള സപൊറിഷ്യ ആണവോർജനിലയത്തിനു സമീപം നടക്കുന്ന ആക്രമണങ്ങൾ ആശങ്ക വർധിപ്പിക്കുന്നതാണെന്ന്‌ അന്താരാഷ്ട്ര ആണവോർജ ഏജൻസി തലവൻ റഫാൽ ഗ്രോസി പറഞ്ഞു. ശനിയാഴ്‌ച ആണവനിലയത്തിനു സമീപം ഒരു ഡ്രോൺ പതിച്ചിരുന്നു. ഉക്രയ്‌ൻ സൈന്യം ശക്തമായി നിലയുറപ്പിച്ച കുർസ്‌കിലും ആണവോർജനിലയമുണ്ട്‌.
 



deshabhimani section

Related News

View More
0 comments
Sort by

Home