16,456 കുട്ടികൾ, 113 മാധ്യമ പ്രവർത്തകർ; 10 മാസത്തിനുള്ളിൽ ഗാസയിൽ നഷ്ടപ്പെട്ടത്‌ 40,000 ത്തിലധികം ജീവനുകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 16, 2024, 12:26 PM | 0 min read

ഗാസ സിറ്റി>  ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,000 കടന്നതായി ഗാസ ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഗാസയിൽ 40 പേരാണ്‌ കൊല്ലപ്പെട്ടത്‌. ഒക്‌ടോബർ ഏഴിന്‌ ഇസ്രയേൽ കടന്നാക്രമണം തുടങ്ങിയ ശേഷം ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 17,000 കടന്നു. രണ്ട്‌ വയസിന്‌ താഴെയുള്ള 2,100 കുട്ടികളും ഇതിൽപ്പെടും. ഇതോടെ ഗാസയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം  40,000 കടന്നു.
92,401 പേർക്ക് പരിക്കേറ്റു.

23 ലക്ഷം ജനങ്ങളുള്ള ഗാസയിലെ ജനസംഖ്യയുടെ ഏകദേശം രണ്ട് ശതമാനം അല്ലെങ്കിൽ ഓരോ 50 പേരിൽ ഒരാൾ എന്ന നിലയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. കുട്ടികളും സ്‌ത്രീകളുമടങ്ങുന്ന സാധാരണക്കാരാണ്‌ കൊല്ലപ്പെട്ടതിലേറെയും.

ഇതിനിടെ ഇസ്രയേൽ വെസ്റ്റ് ബാങ്കിൽ നടത്തിയ ആക്രമണത്തിൽ 632 പേർ കൊല്ലപ്പെടുകയും 5400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹമാസിന്റെ പ്രത്യാക്രമണത്തിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടു.യുദ്ധം ആരംഭിച്ചതിന് ശേഷം 113 മാധ്യമ പ്രവർത്തകരാണ്‌ കൊല്ലപ്പെട്ടിട്ടുള്ളത്‌. അവരിൽ 108 പേർ പലസ്തീനികളാണ്‌. യുഎൻ റിപ്പോർട്ടനുസരിച്ച്‌ 10 മാസം കൊണ്ട് ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 40,000 ത്തിലധികം പേരാണ്‌ കൊല്ലപ്പെട്ടത്.

ഗാസയിലെ 60 ശതമാനത്തിലധികം കെട്ടിടങ്ങളും ഉപയോഗ ശൂന്യമാവുകയും  കേടുപാടുകൾ സംഭവിക്കുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അൽ ഷിഫയടക്കം ഗാസയിലെ പ്രധാനപ്പെട്ട ആശുപത്രികളിൽ ഇസ്രയേൽ ആക്രമണം നടത്തുകയും സംവിധാനങ്ങൾ തകർക്കുകയും ചെയ്തതും ദുരന്തത്തിന്റെ ആഘാതം കൂട്ടി.  കഴിഞ്ഞ കുറച്ച് മാസങ്ങളായി, തെക്കൻ നഗരമായ റഫയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ചത്.

അതിനിടെ മേഖലയിലെ സ്ഥിതിഗതികൾ ചർച്ചചെയ്യാനായി പലസ്‌തീൻ അതോറിറ്റി പ്രസിഡന്റ്‌ മഹ്‌മൂദ്‌ അബ്ബാസ്‌ തുർക്കിയ പ്രസിഡന്റ്‌ റെജബ്‌ തയ്യിപ്‌ എർദോഗനുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു.


വെടിനിർത്തൽ ചർച്ചകളിൽ പങ്കെടുക്കില്ല

വ്യാഴാഴ്‌ച ഖത്തർ തലസ്ഥാനത്ത് പുനരാരംഭിക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് പങ്കെടുക്കില്ലെന്ന്‌ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സുഹൈൽ ഹിന്ദി പറഞ്ഞു. ഇനി ചർച്ചകളുടെ ആവശ്യമില്ലെന്നും ജൂലൈ രണ്ടിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശ പ്രകാരം തയാറാക്കിയ കരാർ ഇസ്രയേൽ പാലിക്കുകയാണ് ചെയ്യേണ്ട​തെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ കരാർ നടപ്പാക്കാൻ ഹമാസും തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.

അന്താരാഷ്ട്ര കോടതികൾ വരെ വെടിനിർത്താൻ ആവശ്യപ്പെട്ടിട്ടും ഇസ്രയേൽ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുകയും ആശുപത്രികൾ ആക്രമിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ്‌ ഹമാസിന്റെ തീരുമാനം.

ഈജിപ്ത്, ഖത്തർ, യുഎസ് എന്നിവരാണ്‌ ഇരുരാഷ്ട്രങ്ങൾക്കും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തീരുമാനിച്ചിരുന്നത്‌. കെയ്‌റോയിലോ ദോഹയിലോ വെച്ച്‌ ചർച്ച നടത്താമെന്നായിരുന്നു തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Home