അവസാനമായി വോട്ട്‌ ചെയ്യൂ; 
ഇനി ബുദ്ധിമുട്ടേണ്ടി വരില്ല: ട്രംപ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 29, 2024, 02:39 AM | 0 min read


ഫ്ലോറിഡ
നവംബർ അഞ്ചിന്‌ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ തന്നെ വിജയിപ്പിച്ചാൽ അമേരിക്കക്കാർക്ക്‌ ഇനി ഒരിക്കലും വോട്ട്‌ ചെയ്യേണ്ടി വരില്ലെന്ന്‌ ഉറപ്പാക്കുമെന്ന്‌ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ്‌ ട്രംപ്‌. അധികാരത്തിലെത്തിയാൽ നാലുവർഷത്തിനുള്ളിൽ സംവിധാനമെല്ലാം മാറ്റിമറിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ലോറിഡയിൽ യാഥാസ്ഥിതിക സംഘടന ‘ടേണിങ്‌ പോയിന്റ്‌ ആക്ഷൻ’ സംഘടിപ്പിച്ച പരിപാടിയിൽ ക്രിസ്ത്യാനികളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പ്രോജക്ട്‌ 2025’ എന്ന പേരിലുള്ള, ഭരണസംവിധാനമാകെ മാറ്റിമറിച്ച്‌ അധികാരം പ്രസിഡന്റിൽ കേന്ദ്രീകരിക്കുന്ന പദ്ധതി ട്രംപ്‌ നടപ്പാക്കുമെന്ന ചർച്ചകൾക്കിടെയാണ്‌ ട്രംപിന്റെ പ്രഖ്യാപനം. അഭയാർഥി പ്രവാഹം തടയാൻ മെക്സിക്കോ അതിർത്തി അടയ്ക്കുന്നതിനായി ഒറ്റ ദിവസത്തേക്ക്‌ താൻ ഏകാധിപതിയാകുമെന്ന ട്രംപിന്റെ മുൻ പ്രഖ്യാപനം വിവാദമായിരുന്നു. അതിനിടെയാണ്‌, താൻ ജയിച്ചാൽ അമേരിക്ക ഏകാധിപത്യത്തിലേക്ക്‌ തന്നെയാണെന്ന സൂചന നൽകിയുള്ള പുതിയ പ്രസംഗം.

‘ബൈഡനെ അട്ടിമറിച്ചു’
പ്രസിഡന്റ്‌ സ്ഥാനാർഥിയാകാൻ മോഹിച്ച ജോ ബൈഡനെ അദ്ദേഹത്തിന്റെതന്നെ ഡെമോക്രാറ്റിക്‌ പാർടിക്കാർ അട്ടിമറിക്കുകയായിരുന്നെന്ന ആരോപണവുമായി ഡോണൾഡ്‌ ട്രംപ്‌. പ്രസിഡന്റ്‌ കൃത്യനിർവഹണത്തിന്‌ മാനസികമായും ശാരീരികമായും യോഗ്യനല്ലെന്ന്‌ വരുമ്പോൾ അധികാരം എടുത്തുമാറ്റുന്ന ഇരുപത്തഞ്ചാം ഭേദഗതി ചൂണ്ടിക്കാട്ടിയാണ്‌ സ്വന്തം പാർടി ബൈഡനെ സമ്മർദത്തിലാക്കിയതെന്നും മിനസോട്ടയിൽ പ്രചാരണ പരിപാടിയിൽ ട്രംപ്‌ പറഞ്ഞു. 52 വർഷമായി റിപ്പബ്ലിക്കൻ പാർടിയെ പിന്തുണയ്ക്കാത്ത സംസ്ഥാനമാണ്‌ മിനസോട്ട.

കമല ജയിച്ചാൽ അമേരിക്കയിൽ കുറ്റകൃത്യങ്ങളും അസ്ഥിരതയും മരണവും വിതയ്ക്കുമെന്നും ആരോപിച്ചു. ബൈഡന്‌ പകരം കമല ഹാരിസ്‌ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ ട്രംപിന്റെ മുൻതൂക്കം വലിയതോതിൽ ഇടിഞ്ഞതായാണ്‌ റിപ്പോർട്ട്‌. ബൈഡൻ പിന്മാറിയതിനുശേഷമുള്ള ഒറ്റയാഴ്ചയിൽ കമല ഹാരിസിന്‌ പ്രചാരണത്തിനായി 20 കോടി ഡോളർ (ഏതാണ്ട്‌ 1,674.45 കോടി രൂപ) സമാഹരിക്കാനായി.
 



deshabhimani section

Related News

View More
0 comments
Sort by

Home