ബംഗ്ലാദേശ് കത്തുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 21, 2024, 12:29 AM | 0 min read

ധാക്ക>വിദ്യാർഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താനുള്ള പൊലീസ് നീക്കത്തില്‍ 114 പേർ കൊല്ലപ്പെട്ടതോടെ ബംഗ്ലാദേശിൽ നിശാനിയമം പ്രഖ്യാപിച്ചു. തലസ്ഥാനമായ ധാക്കയിൽ മാത്രം 52 പേരാണ്‌ കൊല്ലപ്പെട്ടത്‌. വെടിയേറ്റാണ് കൂടുതല്‍പേരും മരിച്ചത്.സംഘർഷത്തിൽ ഇതുവരെ 2500ൽ അധികം പേർക്ക്‌ പരിക്കേറ്റതായാണ്‌ റിപ്പോർട്ട്.  പ്രക്ഷോഭകരെ നേരിടാന്‍ സൈന്യത്തെ ഇറക്കി.  കണ്ടാലുടന്‍ വെടിവയ്ക്കാനാണ് പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ ഉത്തരവ്. അടിച്ചമർത്തൽ നീക്കം കടുപ്പിക്കുംതോറും പ്രതിഷേധം കൂടുതൽ ശക്തമാക്കുകയാണ്‌ വിദ്യാർഥികൾ.

രാജ്യത്താകെ ഇന്റർനെറ്റ്‌, ടെലഫോൺ സേവനങ്ങൾ വിച്ഛേദിച്ചു. സംഘര്‍ഷം പടരാതിരിക്കാനെന്ന പേരിൽ വാര്‍ത്താചാനലുകളുടെ പ്രവര്‍ത്തനവും കഴിഞ്ഞദിവസം നിര്‍ത്തിവയ്പ്പിച്ചു. എന്നാൽ, വിവിധയിടങ്ങളിൽ റാലി നടത്തിയും സർക്കാർ വെബ്‌സൈറ്റുകൾ ഹാക്ക്‌ ചെയ്തും വിദ്യാർഥികൾ പ്രക്ഷോഭത്തിന്‌ പുതുവഴി കണ്ടെത്തി.രണ്ടു ദിവസത്തേക്ക് രാജ്യത്ത് സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. അവശ്യസേവനങ്ങള്‍ക്കായി മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാവൂവെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.


1971ലെ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻഗാമികൾക്ക്‌ സർക്കാർ ജോലിയിലുള്ള 30 ശതമാനം സംവരണം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാസാദ്യമാണ്‌ വിദ്യാർഥികളും യുവാക്കളും രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത്‌. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്‌മയും വിലക്കയറ്റവും പ്രക്ഷോഭത്തിന്റെ വിഷയമായി മാറി. പ്രതിപക്ഷ കക്ഷിയായ ബം​ഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി പ്രക്ഷോഭത്തെ പിന്തുണയ്‌ക്കുന്നുണ്ട്. പ്രക്ഷോഭത്തിനിടെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ജയിൽ തകർത്ത് നൂറിലധികം തടവുകാരെ മോചിപ്പിച്ചു. 
നർസിങ്കടി ജില്ലയിലെ സെൻട്രൽ ജയിലാണ്‌ പ്രക്ഷോഭകൾ തകർത്തത്‌.

വിദ്യാഭ്യാസ 
സ്ഥാപനങ്ങൾ അടച്ചു


രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ അടച്ചതായി സർക്കാർ അറിയിച്ചു. ഹോസ്റ്റലുകളിൽ കഴിയുന്ന വിദ്യാർഥികൾ ഉടൻ ഒഴിയണമെന്നും അറിയിപ്പുണ്ട്‌. മറ്റ്‌ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ബംഗ്ലാദേശിൽ നിന്ന്‌ മടങ്ങിത്തുടങ്ങി.   ട്രെയിൻ, ബസ്‌ സർവീസുകൾ രണ്ട്‌ ദിവസമായി നിർത്തിവച്ചിരിക്കയാണ്‌.

ചർച്ചയ്‌ക്ക്‌ തയ്യാറെന്ന്‌ ഷെയ്‌ഖ്‌ ഹസീന

  സർക്കാർ ജോലികൾക്കുള്ള സംവരണ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന്‌ അനുസരിച്ചേ സർക്കാരിന്‌ മുന്നോട്ടുപോകാനാകൂവെന്നും പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീന പറഞ്ഞു. അക്രമം അവസാനിപ്പിക്കണമെന്നും ചർച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാൻ സർക്കാർ തയാറാണെന്നും അവർ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home