ഒറ്റ ഫോൺകോളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 19, 2024, 01:48 PM | 0 min read

വാഷിങൺ > അമേരിക്കയുടെ പ്രസിഡന്റ് താനായിരുന്നുവെങ്കിൽ യൂറോപ്പിലും മധ്യപൗരസ്ത്യദേശത്തും ഇപ്പോൾ നടക്കുന്ന യുദ്ധങ്ങൾ ഉണ്ടാകില്ലായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ്. ഹമാസ് ഇസ്രയേലിനെ ഒരിക്കലും ആക്രമിക്കാൻ അനുവദിക്കില്ലായിരുന്നുവെന്നും റഷ്യ-ഉക്രെയ്ൻ യുദ്ധം താൻ അവസാനിപ്പിക്കുമെന്നും റിപ്പബ്ലിക്കൻ പാർടിയുടെ തെരഞ്ഞെടുപ്പ് കൺവൻഷനിൽ ട്രംപ് പറഞ്ഞു.  

തന്റെ ഭരണകാലത്ത് ഇറാൻ സമസ്ത മേഖലകളിലും തകർച്ചയെ അഭിമുഖീകരിക്കുകയായിരുന്നു. എന്നാൽ, ബൈഡൻ ഭരണകൂടം ഉപരോധങ്ങളിൽ ഇളവ് വരുത്തിയതോടെ അവർ വീണ്ടും ശക്തി പ്രാപിച്ചു. നിലവിൽ ഇറാന്റെ കൈവശം 25,000 കോടി​ ഡോളറുണ്ട്. താൻ വീണ്ടും അധികരാത്തിലെത്തിയാൽ ഇറാന്റെ വളർച്ചക്ക് അറുതിവരുത്തും. ചൈനയോ മറ്റ് രാജ്യങ്ങളോ ഇറാനുമായി വ്യാപാരം നടത്തിയാൽ അവർക്ക് യുഎസുമായി വ്യപാരബന്ധമുണ്ടാവില്ലെന്ന് അറിയിക്കുകയാണെന്നും ട്രംപ് പറഞ്ഞു.  

ഡെമോക്രാറ്റുകൾ അമേരിക്കയെ സമാനതകളില്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷ തന്നെ അവർ അപകടത്തിലാക്കി. അതിനെല്ലാം താൻ പരിഹാരമുണ്ടാക്കും. തന്റെ ഭരണകാലത്ത് അമേരിക്കയുടെ ഭാവി എന്നത്തേക്കാളും ശോഭയുള്ളതായിരിക്കുമന്നും അമേരിക്കയെ വീണ്ടും മഹത്തരമാക്കുമെന്നും ട്രംപ് പറഞ്ഞു. തനിക്ക് കീഴിൽ സംഘർഷങ്ങൾ ഉണ്ടാകില്ല. ഒരൊറ്റ  ഫോൺ കോളിലൂടെ തനിക്ക് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു.

ഡെമോക്രാറ്റുകൾ നീതിന്യായ സംവിധാനത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ്. തനിക്കെതിരെ കേസുകളെടുത്തത് രാഷ്ട്രീയപ്രേരിതമായാണ്. രാഷ്ട്രീയഎതിരാളികളെ ജനാധിപത്യത്തിന്റെ ശത്രുക്കളായാണ് ​ബൈഡൻ ഭരണകൂടം പരി​ഗണിക്കുന്നതെന്നും ​ട്രംപ് പറഞ്ഞു. നിയമവിരുദ്ധമായ കുടിയേറ്റം അനവസാനിപ്പിക്കുമെന്ന് ട്രംപ് കൺവൻഷനിൽ ഊന്നിപ്പറഞ്ഞു. ആളുകൾ രാജ്യത്തേക്ക് വരുന്നത് നിയമപരമായിരിക്കണമെന്നും അനധികൃത കുടിയേറ്റം അവസാനിപ്പിക്കാതെ അമേരിക്കയ്ക്ക് രക്ഷയില്ലെന്നും ട്രംപ് പറഞ്ഞു.

പെൻസിൽവാനിയയിലെ വെടിവെപ്പിൽ മരിച്ചയാൾക്കും പരിക്കേറ്റവർക്കും വേണ്ടി തന്റെ അനുയായികൾ 6.3 മില്യൺ ഡോളർ സ്വരൂപിച്ചുവെന്ന് അദ്ദേഹം അറിയിച്ചു. വെടിവെപ്പിൽ മരിച്ച പാർടി പ്രവർത്തകന് വേണ്ടി തന്റെ 90 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ ട്രംപ് മൗനം ആചരിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home