ഇമ്രാൻ ഖാന്റെ പാർട്ടി നിരോധിക്കാൻ പാക്‌ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 07:17 PM | 0 min read

ഇസ്ലാമാബാദ്‌> മുൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന്റെ പാർട്ടിയായ തെഹ്‌രീക്‌– ഇ– ഇൻസാഫി(പിടിഐ)നെ  രാജ്യദ്രോഹക്കുറ്റം ആരോപിച്ച്‌ നിരോധിക്കാൻ പാകിസ്ഥാൻ സർക്കാർ. അഴിമതിയും വിദേശനിക്ഷേപം സ്വീകരിക്കലും കലാപശ്രമവുമടക്കമുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്‌ തെളിവു ലഭിച്ചതിനാലാണ്‌ പാർടി നിരോധിക്കുന്നതെന്ന്‌ പാക്‌ വിവര വിനിമയ മന്ത്രി അബ്ദുള്ള തരാർ അറിയിച്ചു. കൂടാതെ ഇമ്രാൻ ഖാനടക്കം പിടിഐയുടെ മൂന്നു മുതിർന്ന നേതാക്കളിൽ രാജ്യദ്രോഹക്കുറ്റവും ചുമത്തും.

2022 ഏപ്രിലിൽ പ്രധാനമന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ഇമ്രാൻ ഖാൻ വിവിധ കേസുകളിൽ വിചാരണ നേരിട്ടുകൊണ്ട്‌ ഒരു വർഷമായി ജയിലിൽ കഴിയുകയാണ്‌. താനും പാർടിയും അധികാരത്തിൽ തിരിച്ചെത്താതിരിക്കാനായി നടത്തിയ നീക്കമാണിതെന്ന്‌ ഇമ്രാൻ ആരോപിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇമ്രാൻ ഖാന്റെ പിന്തുണയോടെ പിടിഐ സ്വതന്ത്രർ ഭൂരിപക്ഷം നേടിയിരുന്നു.

രണ്ടാം സ്ഥാനത്തെത്തിയ പാകിസ്ഥാൻ മുസ്ലീം ലീഗ്‌ (നവാസ്‌) മറ്റു പാർടികളുമായി സഖ്യമുണ്ടാക്കിയാണ്‌ അധികാരത്തിലേറിയത്‌. സംവരണ സീറ്റുകളിൽ മത്സരിക്കാൻ പിടിഐക്ക്‌ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇമ്രാന്റെ മേലുള്ള ഇസ്ലാമിക നിയമവിരുദ്ധ വിവാഹക്കേസും റദ്ദാക്കിയിരുന്നു. ഇതേത്തുടർന്നാണ്‌ പിടിഐയെ പാക്‌ രാഷ്ട്രീയത്തിൽ നിന്നും തുടച്ചു നീക്കാനുള്ള സർക്കാർ നടപടി.



deshabhimani section

Related News

View More
0 comments
Sort by

Home