ഇറ്റലിയില്‍ 33 ഇന്ത്യക്കാരെ 
‘അടിമപ്പണി’യിൽനിന്ന് മോചിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 15, 2024, 12:46 PM | 0 min read

മിലാൻ > ഇറ്റലിയിൽ തൊഴിൽ ചൂഷണത്തിനിരയായി ‘അടിമപ്പണി’ ചെയ്യേണ്ടിവന്ന 33 ഇന്ത്യക്കാരെ മോചിപ്പിച്ചു. പൊലീസ്‌ പരിശോധനയെ തുടർന്നാണ്‌ വടക്കൻ വെറോണ പ്രവിശ്യയിൽ നിന്ന്‌ തൊഴിലാളികളെ  മോചിപ്പിച്ചത്‌. ഇറ്റലിയിലെ ധനിക വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്‌തിരുന്ന പഞ്ചാബ്‌ സ്വദേശി കഴിഞ്ഞ മാസം അകടത്തിൽപ്പെട്ട്‌ ഇരുകൈയും നഷ്‌ടപ്പെട്ടിരുന്നു. തൊഴിലുടമ വീടിന്‌ പുറത്ത്‌ ഉപേക്ഷിച്ച്‌ മുങ്ങിയതോടെ തൊഴിലാളി ചോരവാർന്ന്‌ മരിച്ചു. ഇതിന്‌ പിന്നാലെ അസംഘടിത മേഖലയിൽ ‘അടിമപ്പണി’ ചെയ്യേണ്ടിവന്ന തൊഴിലാളികൾ നടത്തിയ പ്രക്ഷോഭങ്ങളെ തുടർന്ന്‌ പൊലീസ്‌ നടത്തിയ പരിശോധനയിലാണ്‌ 33 ഇന്ത്യക്കാരെ മോചിപ്പിച്ചത്‌.  

മാസം 17,000 യൂറോ വാഗ്‌ദാനം ചെയ്‌താണ്‌ ഇന്ത്യക്കാരായ ഏജന്റുമാർ മുഖാന്തിരം തൊഴിലാളികളെ ഇറ്റലിയിലെത്തിച്ചത്‌. സീസണൽ ജോലി പെർമിറ്റിന്റെ ബലത്തിലായിരുന്നു നടപടി. വിവിധ ഫാമുകളിൽ ആഴ്‌ചയിൽ ഏഴ്‌ ദിവസവും ഇവരെക്കൊണ്ട്‌ പണിയെടുപ്പിച്ചു. ദിവസേന 10 മുതൽ 12 മണിക്കൂർ വരെയാണ്‌ ഇവർ ജോലി ചെയ്യേണ്ടിയിരുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു. വിവിധ കാരണങ്ങൾ പറഞ്ഞ്‌ പലർക്കും ശമ്പളം നൽകിയിരുന്നില്ലെന്നും ആക്ഷേപമുണ്ട്‌.  
ഇടനിലക്കാരായ ഏജന്റുമാരെ നിയമത്തിന്‌ മുന്നിൽ കൊണ്ടുവരുമെന്ന്‌ അധികൃതർ പറഞ്ഞു. തൊഴിലാളികൾക്ക്‌ മറ്റ്‌ തൊഴിലവസരം ഉണ്ടാക്കും. നാട്ടിലേക്ക്‌ തിരിച്ചുപോകാൻ താൽപര്യപ്പെടുന്ന തൊഴിലാളികൾക്ക്‌ അതിനുള്ള സൗകര്യമൊരുക്കുമെന്നും പൊലീസ്‌ പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home