ക്രെംലിൻ ആക്രമണത്തിന്റെ സൂത്രധാരർ അമേരിക്ക : റഷ്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2023, 04:34 AM | 0 min read


മോസ്കോ
പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനെ വധിക്കാനായി ക്രെംലിനിലേക്ക്‌ കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ഡ്രോൺ ആക്രമണത്തിന്റെ സൂത്രധാരർ അമേരിക്കയാണെന്ന് റഷ്യ. പുടിനെ വധിക്കാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക്‌ ആക്രമണം നടത്തിയത്‌ ഉക്രയ്‌നാണെന്ന് ക്രെംലിൻ വക്താവ്‌ ദിമിത്രി പെസ്കോവ്   ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ നിർദേശപ്രകാരമാണ്‌ ഉക്രയ്‌ൻ പ്രവർത്തിച്ചതെന്നും പെസ്കോവ്‌ പറഞ്ഞു.

എന്നാൽ, പെസ്കോവ്‌ കള്ളം പറയുകയാണെന്നും ആക്രമണത്തിൽ അമേരിക്കയ്ക്ക്‌ പങ്കില്ലെന്നും അമേരിക്കൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ്‌ ജോൺ കിർബി പ്രതികരിച്ചു. ഉക്രയ്‌നിൽനിന്ന്‌ റഷ്യ കൂട്ടിച്ചേർത്ത ക്രിമിയയിലെ എണ്ണസംഭരണശാലയിലും റഷ്യൻ ചരക്ക്‌ ട്രെയിനുകളിലും അടുത്തിടെ തുടർച്ചയായി സ്‌ഫോടനങ്ങൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ്‌ ക്രെംലിനിലേക്കും ആക്രമണമുണ്ടായത്‌. പുടിനെ ലക്ഷ്യംവച്ച്‌ ഭീകരാക്രമണമാണ്‌ ഉണ്ടായതെന്നും ഉത്തരവാദിത്വത്തിൽനിന്ന്‌ ഉക്രയ്‌നും അമേരിക്കയ്ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പെസ്കോവ്‌ പറഞ്ഞു.

പുടിൻ ക്രിമിനൽ വിചാരണ നേരിടണമെന്ന്‌ സെലൻസ്കി
ഉക്രയ്‌ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിൻ യുദ്ധക്കുറ്റത്തിന്‌ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ നേരിടണമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്‌ലോദിമിർ സെലൻസ്കി. അന്താരാഷ്ട്ര ക്രിമിനൽ കോടതി സന്ദർശിക്കും മുമ്പ്‌ ഹേഗിൽ മറ്റൊരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുദ്ധത്തിൽ ഉക്രയ്‌ൻ വിജയം നിശ്ചിതമാണെന്നും അതിനുശേഷം പുടിന്‌ വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home