രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ സ്വാധീനിക്കാനും അമേരിക്കൻ ചുങ്കം

ചൈനയെ ദുർബലമാക്കുന്ന നയത്തിൽ പങ്കാളിയാവാൻ കൊറിയയ്ക്ക് എതിരെ ചുങ്ക ഭീഷണി

china trade war
വെബ് ഡെസ്ക്

Published on Jul 12, 2025, 03:19 PM | 2 min read

പ്രതികാര ചുങ്കത്തിൽ നിന്നുള്ള വിടുതലിന് ചൈനയ്ക്ക് എതിരായ വ്യാപാര യുദ്ധത്തിലെ പങ്കാളിത്തവും ഉപാധിയാക്കി അമേരിക്ക. ചൈനയുടെ വളർച്ച തടയുന്ന നയത്തിനൊപ്പം ചേരുന്നതിന് ഉയർന്ന താരിഫുകളിൽ നിന്ന് ദക്ഷിണ കൊറിയയ്ക്ക് ഇളവ് വാഗ്ദാനം ചെയ്തു. അന്താരാഷ്ട്ര കപ്പൽ നിർമ്മാണ വ്യവസായത്തിലെ ചൈനീസ് വളർച്ച തടയുന്ന വ്യാപാര യുദ്ധത്തിൽ ഒപ്പം ചേരാനാണ് ആവശ്യം. ഡൊണാൾഡ് ട്രംപ് ഭരണകൂടം ഇതിനായി ദക്ഷിണ കൊറിയയെ സമ്മർദ്ദത്തിലാക്കിയ റിപ്പോർട്ടുകൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തു വിട്ടു.


ഇതിന് പിന്നാലെ ദക്ഷിണ കൊറിയയുടെ വ്യാപാര നയ ഡയറക്ടർ ചാങ് സുങ്-ഗിൽ വെള്ളിയാഴ്ച ഇക്കാര്യം മാധ്യമങ്ങൾക്ക് മുന്നിൽ തുറന്ന് പറയുകയും ചെയ്തു. "കപ്പൽ നിർമ്മാണ മേഖലയിൽ ചൈനയുടെ വിപണി വിഹിതം വളരുകയാണ്. അതിനെതിരെ കൊറിയയെ അമേരിക്ക തന്ത്രപരമായ പങ്കാളിയായി ഉപയോഗിക്കുന്നു എന്നായിരുന്നു വെളിപ്പെടുത്തൽ.


പ്രതികാര ചുങ്കം ഒഴിവാക്കുന്നതിനായി ദക്ഷിണ കൊറിയയുമായുള്ള വ്യാപാര കരാർ അന്തിമമാക്കുന്നതിന് യുഎസ് നിശ്ചയിച്ച മുൻ വ്യവസ്ഥകളിൽ ഒന്നാണ് ചൈനയുടെ കപ്പൽ നിർമ്മാണത്തിനെതിരായ സഹകരണമെന്നും ചാങ് സ്ഥിരീകരിച്ചു.


ഈ ആഴ്ച ആദ്യം ട്രംപ് ഭരണകൂടം താരിഫ് വ്യവസ്ഥ നടപ്പിലാക്കുന്നതിനുള്ള സമയപരിധി നീട്ടിയിരുന്നു. ഏപ്രിലിൽ നടത്തിയ പ്രഖ്യാപനം പ്രകാരം ജൂലൈ 9 മുതൽ ഇത് പ്രാബല്യത്തിൽ വരേണ്ടതായിരുന്നു. ഇത് ഓഗസ്റ്റ് 1 വരെയാക്കി. രാജ്യങ്ങൾക്ക് അവരുടെ വ്യാപാര കരാറുകൾ അന്തിമമാക്കാൻ സമയ നൽകുന്നു എന്നായിരുന്നു വിശദീകരണം. ഈ ഇടവേളയിലാണ് വ്യാപര യുദ്ധവും കലർത്തുന്നത് പുറത്ത് വന്നത്.


ചർച്ചകൾ പരാജയപ്പെട്ടാൽ ദക്ഷിണ കൊറിയയുടെ യുഎസിലേക്കുള്ള കയറ്റുമതിക്ക് 25% തീരുവ ചുമത്തുമെന്ന് ട്രംപ് രാജ്യത്തിന്റെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിന് തിങ്കളാഴ്ച അയച്ച കത്തിൽ ഭീഷണി മുഴക്കിയിട്ടുണ്ട്.


ഏഷ്യയിലെ ഇതര രാജ്യങ്ങളോടും ചൈനയുമായുള്ള വ്യാപാര ബന്ധം വെട്ടിക്കുറയ്ക്കാൻ സമ്മർദ്ദം ചെലുത്തിയതായി വാർത്തൾ വന്നിട്ടുണ്ട്. ചൈനയുമായുള്ള വ്യാപാരത്തിന്റെ അളവ് കുറയ്ക്കണമെന്നും അവർക്ക് അവശ്യവസ്തുക്കൾ എത്തിക്കുന്ന തരത്തിലുള്ള കയറ്റുമതികൾ തടയണമെന്നും ട്രംപ് നേരിട്ടും അല്ലാതെയും ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.


മുൻ പ്രസിഡന്റിന്റെ കാലത്ത് തന്നെ അമേരിക്ക ഈ തന്ത്രം പ്രയോഗിച്ചിരുന്നു. ചൈനയുടെ സാങ്കേതികവിദ്യയിലെ പുരോഗതി മന്ദഗതിയിലാക്കാനുള്ള ഒരു മാർഗമായി വ്യാപാരത്തെ ഉപയോഗിക്കയായിരുന്നു. ചൈനയ്ക്ക് ഉയർന്ന നിലവാരമുള്ള ലോജിക്കും മെമ്മറി ചിപ്പുകളും നൽകുന്നത് തടയാൻ ദക്ഷിണ കൊറിയയോട് മുൻഗാമിയായ ജോ ബൈഡൻ ആവശ്യപ്പെട്ടു.


പ്രതികാര ചുങ്കം രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വരെ സ്വാധീനം ചെലുത്താൻ ഉപയോഗിച്ചു വന്നു. രാജ്യങ്ങൾ തമ്മിലുള്ള വ്യാപാര നയങ്ങളിൽ മാറ്റം വരുത്താൻ ചുങ്കം ഉപയോഗിച്ച് നിർബന്ധിക്കുന്ന യുഎസ് സർക്കാരിന്റെ സമീപനത്തെ ചൈന ആവർത്തിച്ച് എതിർത്തിട്ടുണ്ട്.

 

ദക്ഷിണ കൊറിയയെ ചൈനയ്‌ക്കെതിരെ വ്യാപാര നയം തിരിക്കാൻ ട്രംപ് ഭരണകൂടം നിർബന്ധിക്കുന്നതായുള്ള വാർത്തയോട് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിംഗ് പ്രതികരിച്ചു. ഒരു ഉഭയകക്ഷി വ്യാപാര കരാറോ ചർച്ചയോ മൂന്നാം കക്ഷികളുടെ താൽപ്പര്യങ്ങളുടെ ചെലവിൽ വരരുത് എന്നായിരുന്നു വാക്കുകൾ. "പരമാധികാര സമത്വവും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കലും യുഎൻ ചാർട്ടറിന്റെയും അന്താരാഷ്ട്ര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങളുടെയും പ്രധാന തത്വങ്ങളാണ്," എന്നും നിംഗ് ഓർമ്മപ്പെടുത്തി.


പ്രതികാര ചുങ്കത്തിൽ അല്ലെങ്കിൽ വ്യാപാര യുദ്ധത്തിൽ വിജയികളില്ലെന്ന് ചൈന മുന്നറിയിപ്പ് നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home