ആഫ്രിക്കയിൽ ഓൺലൈൻ പ്രണയ തട്ടിപ്പ്: 260 പേർ അറസ്റ്റിൽ

ഇന്റര്‍പോൾ പങ്കുവച്ച ചിത്രം
പാരിസ്: സൈബർ ലോകത്തെ പ്രണയ തട്ടിപ്പിൽ 14 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 260 പേരെ ഇന്റർപോൾ പിടികൂടി. ഓൺലൈനിലൂടെ ഇരകളുമായി പ്രണയബന്ധം സ്ഥാപിച്ചും പിന്നീട് ഇവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്തുമാണ് തട്ടിപ്പ് നടന്നത്. ജൂലൈ, ആഗസ്ത് മാസങ്ങളിൽ നടന്ന ഓപ്പറേഷനിലാണ് തട്ടിപ്പ് നടത്തിയെന്ന സംശയിക്കുന്നവരെ ഇന്റർപോൾ പിടികൂടിയത്.
1400 പേരാണ് തട്ടിപ്പിനിരയായത്. ഏകദേശം 2.8 മില്യൺ ഡോളർ സംഘം തട്ടിയെടുത്തെന്നാണ് ഇന്റർപോളിന്റെ കണക്ക്. ആഫ്രിക്കയിലുടനീളം സൈബർ ഇടങ്ങളിലെ തട്ടിപ്പുകൾ വർധിച്ചതായി ഇന്റർപോൾ എക്സിക്യൂട്ടീവ് ഡയറക്ടർ സിറിൾ ഗൗട്ട് പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വ്യാപകമായതടെ തട്ടിപ്പുകാർ സൈബർ ഇടങ്ങളിൽ അവരുടെ ശൃംഗല വികസിപ്പിച്ചു. ആസൂത്രിത തട്ടിപ്പിലൂടെ ഇരകൾക്ക് സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടുണ്ടായി.
പ്രണയ, ലൈംഗിക തട്ടിപ്പുകൾ സംബന്ധിച്ച കേസുകളിലാണ് 68 പേരെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുകാർ വ്യാജ ഐഡി ഉപയോഗിച്ച് ഇരകളുമായി സൗഹൃദം സ്ഥാപിക്കുകയും പണം അപഹരിക്കുകയുമായിരുന്നു. ബ്ലാക്ക്‌മെയിൽ ചെയ്യാനായി അശ്ലീല വീഡിയോകൾ രഹസ്യമായി റെക്കോർഡുചെയ്‌തു.
സ്വയം സെലിബ്രട്ടികളാണ് എന്ന് അവകാശപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പ് നടത്തിയ 22 പേരാണ് സെനഗളിൽ പിടിയിലായത്. ഡേറ്റിങ് പ്ലാറ്റ്ഫോമുകൾ വഴി ഏകദേശം 100 പേരാണ് തട്ടിപ്പിനിരയായത്. ഇവരിൽ നിന്നും 34,000 ഡോളറും സംഘം തട്ടിയെടുത്തു.
വ്യാജ പ്രൊഫൈലുകൾ ഉപയോഗിച്ച് ഇരകളുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ ഐവറി കോസ്റ്റിൽ 24 പേർ അറസ്റ്റിലായി. തട്ടിപ്പ് സംഘത്തിലുൾപ്പെട്ട മറ്റുള്ളവർക്കായി ഇന്റർപോൾ അന്വേഷണം നടത്തുകയാണ്.









0 comments