ടെക്‌സസ്‌ പ്രളയം: മരണസംഖ്യ 100 കടന്നു; തിരച്ചിൽ തുടരുന്നു

texas flash flood
വെബ് ഡെസ്ക്

Published on Jul 08, 2025, 09:08 AM | 1 min read

ടെക്‌സസ്‌: അമേരിക്കൻ സംസ്ഥാനമായ ടെക്‌സസിന്റെ വിവിധ ഭാഗങ്ങളിൽ അതിതീവ്രമഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം നൂറുകടന്നു. ഒട്ടേറേപ്പെരെ ഇനിയും കണ്ടെത്താനുണ്ട്. 84മരണങ്ങളും കെർ കൗണ്ടിയിലാണ് സംഭവിച്ചത്. ഇതിൽ 28 കുട്ടികളും ഉൾപ്പെടുന്നു. നദീതീരത്ത് നടന്ന പെൺകുട്ടികളുടെ ക്യാമ്പ് വെള്ളപ്പൊക്കത്തിൽ മുങ്ങി. ക്യാമ്പ് മിസ്റ്റിക്കിൽ നിന്നുള്ള പത്ത് പെൺകുട്ടികളെയും ഒരു കൗൺസിലറെയും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇവർക്കായി തെരച്ചിൽ നടത്തുകയാണ്.


850 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്. 41 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്ത 48 മണിക്കൂറിനുള്ളിൽ മേഖലയിൽ കൂടുതൽ കൊടുങ്കാറ്റുകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഇത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.


ഗ്വാഡലൂപ് നദി കരകവിഞ്ഞതാണ്‌ മരണസംഖ്യ ഉയരാൻ കരാണം. ഈ നദീ തീരത്തായിരുന്നു പെൺകുട്ടികൾക്കായുള്ള സമ്മർ ക്യാമ്പ്‌ നടന്നിരുന്നത്‌. 750 പേരോളം കാമ്പിൽ പങ്കെടുത്തിരുന്നു. 12 വയസ്സിന്‌ താഴെയുള്ള 27 പെൺകുട്ടികളെ ഇവിടെനിന്ന്‌ കാണാതായതായി ടെക്‌സസ്‌ ലെഫറ്റനന്റ്‌ ഗവർണർ ഡാൻ പാട്രിക്‌ അറിയിച്ചു. അതീതീവ്രമഴയെത്തുടർന്ന് വെള്ളി പുലർച്ചെയാണ് വെള്ളപ്പൊക്കമുണ്ടായത്. ഭൂരിഭാഗം പേരും ഉറക്കത്തിലായ സമയത്ത്‌ ജലനിരപ്പുയർന്നത്‌ മരണസംഖ്യ കൂട്ടി. ഒരു മാസംകൊണ്ട്‌ ലഭിക്കേണ്ട മഴ ഏതാനും മണിക്കൂറിൽ ലഭിച്ചതോടെ നദികൾ കരകവിഞ്ഞു. ഗ്വാഡലൂപ് നദിയിൽ 45 മിനിറ്റിനുള്ളിൽ ജലനിരപ്പ് 26 അടി ഉയർന്നു.പ്രദേശത്തെ ജനങ്ങൾക്ക് പ്രളയമുന്നറിയിപ്പ്‌ നൽകാതിരുന്നത്‌ അപകടത്തിന്റെ വ്യാപ്‌തി കൂട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home