റഷ്യയിൽ ബഹുനില കെട്ടിടങ്ങൾക്ക് നേരെ ഡ്രോൺ ആക്രമണം

RUSSIA
avatar
സ്വന്തം ലേഖകൻ

Published on Dec 21, 2024, 06:15 PM | 1 min read

മോസ്കോ > റഷ്യയിലെ കസാനിൽ ഉയരം കൂടിയ കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം. കസാനിൽ എട്ട് ഡ്രോണുകൾ ഉപയോ​ഗിച്ചുള്ള ആക്രമണമാണ് ഉണ്ടായത്. ആക്രമണത്തിൽ നിരവധി ബഹുനില കെട്ടിടങ്ങളിൽ ഡ്രോൺ ഇടിച്ചതായും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. ഡ്രോൺ ആക്രമണത്തിന് പിന്നിൽ ഉക്രയ്ൻ ആണെന്ന് റഷ്യ ആരോപിച്ചു. കസാനിലെ ആക്രമണത്തെ തുർന്ന് അടിയന്തരനടപടികൾ ആരംഭിച്ചതായും ബാധിത കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചതായും അധികൃതർ പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ കസാൻ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഇഷെവ്സ്ക് വിമാനത്താവളത്തിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായാണ് വിവരം. മോസ്കോയിൽ നിന്ന് ഏകദേശം 800 കിലോമീറ്റർ കിഴക്കായാണ് കസാൻ സ്ഥിതി ചെയ്യുന്നത്. കസാനിലെ ബഹുനില കെട്ടിടത്തിന്  നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഡ്രോൺ വെടിവച്ചിട്ടതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

ഇന്ന് കസാനിൽ നടന്ന ആക്രമണത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച രാത്രി ഉക്രയ്നിലെ കീവിലും മറ്റ് നഗരങ്ങളിലും റഷ്യ ആക്രമണം നടത്തിയതിന് പിന്നാലെയാണ് കസാനിലെ ഡ്രോൺ ആക്രമണം. കീവിലെ ജനവാസ മേഖലയിലാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home