തമിഴ്നാട്ടിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; വ്യാപക പ്രതിഷേധം

ബി അജിത് കുമാർ
ചെന്നൈ: തമിഴ്നാട്ടിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ശിവഗംഗ ജില്ലയിലെ തിരുപ്പുവനം പൊലീസ് സ്റ്റേഷനിലാണ് സംഭവം. ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ ബി അജിത് കുമാർ (27) ആണ് മരിച്ചത്. സംഭവത്തിൽ അജിത്തിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് വ്യാപക പ്രതിഷേധമുയർത്തുന്നുണ്ട്.
മദപുരം ഭദ്രകാളിയമ്മൻ ക്ഷേത്രത്തിലെ താൽക്കാലിക ജീവനക്കാരനായിരുന്നു അജിത്ത്. ക്ഷേത്ര ദർശനത്തിനെത്തിയ സ്ത്രീയുടെ കാറിൽ നിന്ന് 9.5 പവൻ സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചെന്ന പരാതിയിലാണ് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
തിരുമംഗലം സ്വദേശിയായ ശിവഗാമി എന്ന സ്ത്രീയും പേരക്കുട്ടിയും കഴിഞ്ഞ ദിവസം ക്ഷേത്ര ദർശനത്തിനായി എത്തിയിരുന്നു. വാഹനം പാർക്ക് ചെയ്യാൻ അവർ അജിത്തിനോട് ആവശ്യപ്പെട്ട് കാറിന്റെ താക്കോൽ നൽകിയിരുന്നു.
ദർശനം കഴിഞ്ഞ് തിരികെ എത്തിയപ്പോൾ കാറിൽ സൂക്ഷിച്ചിരുന്ന ബാഗുകൾ തുറന്നുകിടക്കുന്നത് ഇരുവരുടേയും ശ്രദ്ധയിൽപ്പെട്ടു. പരിശോധിച്ചപ്പോഴാണ് സ്വർണം മോഷണം പോയതായി മനസിലാക്കുന്നത്.
സ്വർണം മോഷണം പോയതായി ശിവഗാമി പൊലീസിൽ പരാതി നൽകി. ശനിയാഴ്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുപ്പുവനം പൊലീസ് അജിത്തിനെയും മറ്റ് നാല് പേരെയും ചോദ്യം ചെയ്തു. അജിത് കുറ്റം സമ്മതിക്കാതായതോടെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്നാണ് അജിത്തിന്റെ മരണം.
അജിത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച സാഹചര്യത്തിൽ മദപുരം, തിരുപ്പുവനം പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. ശിവഗംഗ ജില്ലാ പൊലീസ് സൂപ്രണ്ട് ആശിഷ് റാവത്തും മുതിർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ജനക്കൂട്ടവുമായി സംസാരിച്ചു. സ്റ്റേഷനിലും പരിസരത്തും കൂടുതൽ പൊലീസുകാരെ വിന്യസിച്ചു.
അജിത്തിന്റെ മരണത്തിൽ അന്വേഷണം ആരംഭിച്ചതായി ശിവഗംഗ ജില്ലാ പൊലീസ് മേധാവി അറിയിച്ചു. തിരുപ്പുവനം പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.









0 comments