'നിങ്ങൾ സുന്ദരിയും ചെറുപ്പവുമാണ് പിന്നെ' റാപിഡോ ഡ്രൈവർ സ്വകാര്യതയിൽ കടന്നുകയറിയെന്ന ആരോപണങ്ങളുമായി യുവതി

ന്യൂ ഡൽഹി: റാപിഡോ റൈഡറിനെതിരെ യുവതി ഉയർത്തിയ ആരോപണം ഡൽഹിയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. യാത്രക്കിടയിൽ റാപിഡോ ഡ്രൈവർ അനാവശ്യ സംഭാഷണങ്ങൾ നടത്തിയെന്നും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടും വിധം പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു യുവതിയുടെ ആരോപണം. ഇതിനു പുറമെ പിറ്റേ ദിവസം ഇയാൾ വാട്സാപ്പിൽ സന്ദേശവുമായി എത്തിയെന്നും യുവതി ആരോപിച്ചു. റെഡിറ്റിലൂടെയാണ് യുവതി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
“ഹായ്, ഞാൻ ഇന്നലെ റാപിഡോയിൽ നിന്ന് ഒരു യാത്ര ബുക്ക് ചെയ്തു. ഈ വ്യക്തി എന്നെ എനിക്കിറങ്ങാനുള്ള സ്ഥലത്ത് ഇറക്കിവിട്ടു. ഞാൻ പണം നൽകുമ്പോൾ എന്നോട് വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ചെറിയ സംഭാഷണങ്ങളിൽ എനിക്ക് പ്രശ്നമൊന്നുമില്ല എന്നത് കൊണ്ട് തന്നെ, ഞാൻ സംസാരിച്ചു.
പിന്നീട് ഇയാൾ, നിങ്ങൾ വളരെ ചെറുപ്പമാണ് സുന്ദരിയാണ് പിന്നെ എന്തിനാണ് നിങ്ങൾക്ക് ഭാവിവരൻ... എന്ന് തുടങ്ങി എന്തോ പറയാൻ വന്നപ്പോഴേക്കും ഞാനത് പ്രോത്സാഹിപ്പിക്കാതെ 'നന്ദി ഭയ്യാ' എന്ന് പറഞ്ഞു. 'ദയവായി ഭയ്യാ എന്നൊന്നും വിളിക്കല്ലേ, പറ്റുമെങ്കിൽ നിങ്ങളുടെ സമൂഹമാധ്യമ ഐഡികൾ ഷെയർ ചെയ്യൂ' എന്നായിരുന്നു അതിനു മറുപടിയായി അയാൾ പറഞ്ഞത്. ഞാൻ സമൂഹമാധ്യമങ്ങളിലില്ല എന്ന് പറഞ്ഞ് ഞാൻ തിരിഞ്ഞു നടന്നു. യുവതി റെഡിറ്റിൽ കുറിച്ചു.
പിറ്റേദിവസം ഇതേ വ്യക്തി വാട്സാപ്പിൽ സന്ദേശങ്ങളയച്ചെന്നും യുവതി പറയുന്നു. ഡ്രൈവറുടേതെന്ന് പറഞ്ഞ് ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ടും പങ്കുവെച്ചു. 'ഹലോ, എന്നെ മനസിലായോ എന്നാണ് ചാറ്റിലുള്ളത്'.
യുവതിയുടെ കുറിപ്പ് ഡൽഹിയിലെ സ്ത്രീസുരക്ഷയെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. റാപിഡോ ഇക്കാര്യത്തിൽ ഏതെങ്കിലും രീതിയിൽ പ്രതികരിച്ചോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്.
0 comments