"വിമാനം പറത്താൻ യോ​ഗ്യതയില്ല, ചെരുപ്പ് തുന്നാൻ പോകൂ"; ഇൻഡി​ഗോയിൽ പൈലറ്റിന് ജാത്യാധിക്ഷേപം

indigo
വെബ് ഡെസ്ക്

Published on Jun 23, 2025, 03:17 PM | 2 min read

ന്യൂഡൽഹി: ജോലിസ്ഥലത്ത് ജാത്യാധിക്ഷേപം നേരിട്ടതായി ഇൻഡി​ഗോ പൈലറ്റിന്റെ പരാതി. ഇൻഡി​ഗോയിൽ ട്രെയിനി പൈലറ്റായി ജോലി ചെയ്യുന്ന 35 കാരനായ ദളിത് യുവാവിനെ മൂന്ന് മുതിർന്ന ഉദ്യോഗസ്ഥർ ജാത്യാധിക്ഷേപം നടത്തിയെന്നാണ് ആരോപണം. 'വിമാനം പറത്താൻ യോഗ്യനല്ലെന്നും ചെരുപ്പ് തുന്നാൻ പോകൂ' എന്നും ഉദ്യോഗസ്ഥർ പറഞ്ഞതായാണ് യുവാവിന്റെ പരാതി.


ആരോപണ വിധേയരായ മൂന്ന് ഉദ്യാ​ഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇൻഡിഗോ ഉദ്യോഗസ്ഥരായ തപസ് ഡേ, മനീഷ് സാഹ്നി, ക്യാപ്റ്റൻ രാഹുൽ പാട്ടീൽ എന്നിവർക്കെതിരെയാണ് എസ്‌സി/എസ്ടി (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഇൻഡി​ഗോ പ്രതികരിച്ചത്.


യുവാവ് പരാതിയുമായി ആദ്യം ബം​ഗളൂരു പൊലീസിനെ സമീപിച്ചിരുന്നു. രാതിയിൽ ബം​ഗളൂരു പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. കുറ്റകൃത്യം എവിടെ നടന്നാലും ഏത് പോലീസ് സ്റ്റേഷനിലും കേസ് ഫയൽ ചെയ്യാൻ കഴിയുന്ന സംവിധാനമാണ് സീറോ എഫ്‌ഐആർ. ഇപ്പോൾ ഇൻഡിഗോയുടെ ആസ്ഥാനമായ ഗുരുഗ്രാമിലേക്ക് കേസ് മാറ്റിയിട്ടുണ്ട്.


"ഏതെങ്കിലും തരത്തിലുള്ള വിവേചനം, ഉപദ്രവം, പക്ഷപാതം എന്നിവയോട് ഇൻഡിഗോ വിട്ടുവീഴ്ചയില്ലാത്ത നയമാണ് പിന്തുടരുന്നത്. കൂടാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും ബഹുമാനിക്കുന്നതുമായ ഒരു ജോലിസാഹചര്യമാണ് ഇവിടെയുള്ളത്. ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ഇത്തരം അവകാശവാദങ്ങളെ ശക്തമായി നിരാകരിക്കുന്നു. നീതി, സമഗ്രത, ഉത്തരവാദിത്തം എന്നീ മൂല്യങ്ങളിൽ ഞങ്ങൾ ഉറച്ച് നിൽക്കുന്നു. അന്വേഷണത്തോട് പൂർണമായും സഹകരിക്കും"- എയർലൈനിന്റെ വക്താവ് പറഞ്ഞു.


ഏപ്രിൽ 28 നാണ് സംഭവം നടന്നതെന്ന് യുവാവ് പരാതിയിൽ പറയുന്നു. ഇൻഡിഗോയുടെ ഗുരുഗ്രാം ഓഫീസിൽ വച്ച് നടന്ന 30 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിലാണ് ജാത്യാധിക്ഷേപം നേരിട്ടത്. 'നിങ്ങൾ ഒരു വിമാനം പറത്താൻ യോഗ്യനല്ല, തിരിച്ച് പോയി ചെരുപ്പ് തുന്നൂ, ഇവിടെ ഒരു വാച്ച്മാൻ ആകാൻ പോലും നിങ്ങൾക്ക് യോ​ഗ്യത ഇല്ല' എന്നും ഉദ്യോ​ഗസ്ഥർ പറഞ്ഞതായാണ് യുവാവിന്റെ പരാതി. തന്നെ നിർബന്ധിച്ച് രാജിവയ്പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉദ്യോ​ഗസ്ഥർ ആക്ഷേപം നടത്തിയതെന്ന് ട്രെയിനി പൈലറ്റ് പറഞ്ഞു. ദളിതനായ തന്റെ വ്യക്തിത്വത്തെ അപമാനിക്കുന്ന പരാമർശങ്ങളാണ് മേലുദ്യോ​ഗസ്ഥർ നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.


അന്യായമായി ശമ്പളം വെട്ടിക്കുറയ്ക്കൽ, നിർബന്ധിത പുനർപരിശീലന സെഷനുകൾ, അനാവശ്യമായ താക്കീതുകൾ എന്നിങ്ങനെ ജോലി സ്ഥത്ത് അതിക്രമങ്ങൾ നേരിടേണ്ടി വന്നു. ഉന്നത ഉദ്യോഗസ്ഥരുരോടും ഇൻഡിഗോയുടെ എത്തിക്സ് പാനലിനോടും വിഷയം അറിയിച്ചിരുന്നു. എന്നാൽ നടപടിയൊന്നും സ്വീകരിച്ചില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും യുവാവ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home