ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തി യുപി മുഖ്യമന്ത്രി

ലഖ്നൗ
നവരാത്രി ആഘോഷങ്ങൾക്കിടെ ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്തുന്ന വിവാദ പരാമർശവുമായി മുഖ്യമന്ത്രി ആദിത്യനാഥ്. ‘ഗസവ ഇ ഹിന്ദ്’ ഉയർത്തുന്നവരെ നരകത്തിലേക്കയക്കുമെന്നാണ് ആദിത്യനാഥിന്റെ പ്രസ്‌താവന. ‘ഇന്ത്യയിലെ വിശുദ്ധയുദ്ധം’ എന്നാണ് ‘ഗസവ ഇ ഹിന്ദ്’ കൊണ്ട് അർഥമാക്കുന്നത്.
‘ഐ ലൗ മുഹമ്മദ്’ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് അനാവശ്യമായി ‘ഗസവ ഇ ഹിന്ദ്’ പരമാർശിച്ചുകൊണ്ടുള്ള പ്രസ്‌താവന. ‘പേനയും പുസ്‌തകങ്ങളും പിടിക്കേണ്ട ചിലർ ‘ഐ ലൗ മുഹമ്മദ്’ പോസ്റ്ററുകൾ ഉയർത്തുന്നു. ഇത്തരത്തിലുള്ളവർക്ക് നൽകുന്ന ഹോംവർക്ക് പുരോഗമിക്കുകയാണ്. പ്രശ്‌നക്കാരെ ബറേലിയിലേതുപോലെ പാഠം പഠിപ്പിക്കും’ ആദിത്യനാഥ് പറഞ്ഞു.
വെള്ളിയാഴ്‌ച ബറേലിയിലുണ്ടായ പൊലീസ് അതിക്രമത്തെത്തുടർന്ന് ഏര്‍പ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ചൊവ്വ അർധരാത്രി വരെ നീട്ടി. നബിദിനത്തിൽ ‘ഐ ലൗ മുഹമ്മദ്’ ബാനർ ഉയർത്തിയതിനെ തുടർന്ന് കാൺപുരിൽ സംഘപരിവാർ സംഘടനകൾ ആക്രമണത്തിന് നേതൃത്വം നൽകിയിരുന്നു. യുപി പൊലീസ് ബാനർ ഉയർത്തിയ മുസ്ലിം യുവാക്കൾക്കെതിരെ കേസെടുത്തു. ബറേലിയിൽ വെള്ളിയാഴ്‌ച ജുമ നമസ്‌കാരത്തിനുശേഷം പ്രതിഷേധിക്കാനായെത്തിയവർക്കെതിരെ പൊലീസ് ലാത്തി വീശി.









0 comments