താലിബാൻ നേതാവിന് ആദിത്യനാഥിന്റെ ഗാർഡ് ഓഫ് ഓണർ

ന്യൂഡൽഹി
ഭീകരസംഘടനയായ താലിബാന്റെ നേതാവും അഫ്‌ഗാനിസ്ഥാൻ വിദേശമന്ത്രിയുമായ അമീർഖാൻ മുത്താഖിക്ക് ഉത്തർപ്രദേശിൽ ഗാർഡ് ഓഫ് ഓണർ നൽകി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ. ദേവ്ബന്ദിലെ ദാറുൾ ഉലൂം ഇസ്ലാമികമതപഠനകേന്ദ്രം സന്ദര്‍ശിക്കവെയാണ് മുത്താഖിയെ ആദരിച്ചത്. യുപി പൊലീസിന്റേത് അസാധാരണ നടപടിയാണെന്ന് വിമർശം ശക്തമായി.
വിദേശ രാജ്യങ്ങളിലെ മന്ത്രിമാർക്ക് സംസ്ഥാനങ്ങളിൽ ഗാർഡ് ഓഫ് ഓണർ നൽകുന്ന കീഴ്‌വഴക്കമില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ‘ഐ ലൗ മുഹമ്മദ്’ ബാനർ ഉയർത്തിയവരെ അടിച്ചമർത്തുകയും അറസ്‌റ്റുചെയ്യുകയും പ്രതികാര നടപടികളുടെ ഭാഗമായി വീടുകൾ ബുൾഡോസർവച്ച് തകർക്കുകയും ചെയ്യുന്നതിനിടെയാണ് ബിജെപി സര്‍ക്കാര്‍ തീവ്രമതമൗലികവാദ നിലപാടുള്ള താലിബാൻ നേതാവിന് ഗാർഡ് ഓഫ് ഓണർ നൽകിയത്.
മുത്താഖി ആർഎസ്‌എസ് പോഷക സംഘടന ആസ്ഥാനം സന്ദര്‍ശിച്ചു
അമീർ ഖാൻ മുത്താഖിക്ക് ആർഎസ്‌എസ് പോഷകസംഘടനയുടെആസ്ഥാനത്ത് വന്പൻ സ്വീകരണം. ഇന്ത്യ സന്ദർശനം തുടരുന്ന മുത്താഖി വിവേകാനന്ദ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ (വിഐഎ-ഫ്) ഡൽഹിയിലെ ആസ്ഥാനത്തെത്തി പരിപാടിയിൽ പങ്കെടുത്തു. ആർഎസ്‌എസ് നേതാവായിരുന്ന ഏക്‌നാഥ് റാനഡെ സ്ഥാപിച്ച ആത്മീയ സംഘടനയായ വിവേകാനന്ദ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ 2009ലാണ് വിഐഎഫ് സ്ഥാപിതമായത്. പരിപാടിയുടെ ചിത്രങ്ങൾ വിഐഎഫ് എക്‌സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.









0 comments