യെച്ചൂരി ജനാധിപത്യത്തിന്റെ പോരാളി: ഇർഫാൻ ഹബീബ്

ന്യൂഡൽഹി: ജനാധിപത്യത്തിന്റെയും സോഷ്യലിസത്തിന്റെയും കരുത്തുറ്റ വക്താവായിരുന്നു സീതാറാം യെച്ചൂരിയെന്ന് പ്രമുഖ ചരിത്രകാരൻ പ്രൊഫ. ഇർഫാൻ ഹബീബ് പറഞ്ഞു. സോഷ്യലിസം യാഥാർഥ്യമാകണമെങ്കിൽ പൂർണ ജനാധിപത്യം സംരക്ഷിക്കപ്പെടണം. യെച്ചൂരിയുടെ പോരാട്ടങ്ങൾ അതിനുവേണ്ടിയുള്ളതായിരുന്നു. ആ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നതാണ് അദ്ദേഹത്തിന്റെ ഓർമകൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരവെന്നും ഇർഫാൻ ഹബീബ് പറഞ്ഞു.
പ്രഥമ സീതാറാം യെച്ചൂരി അനുസ്‍മരണ പ്രഭാഷണത്തിൽ ‘ദേശീയ പ്രസ്ഥാനത്തിൽ ഇടതുപക്ഷത്തിന്റെ പങ്കും പാരന്പര്യവും’ എന്ന വിഷയത്തിൽ സുർജിത് ഭവനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിട്ടീഷ് സാമ്രാജ്യത്വം ഇന്ത്യയിൽ സൃഷ്ടിച്ച ആഘാതങ്ങളെ ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് നേതാക്കൾ തുടക്കം മുതൽ വിമർശനബുദ്ധിയോടെ സമീപിച്ചിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വം ഏതെല്ലാം രീതിയിൽ ഇന്ത്യയെ ചൂഷണം ചെയ്യുന്നുവെന്ന് കാൾ മാർക്‌സ് ഗൗരവതരമായി അന്വേഷിച്ചിട്ടുണ്ട്. മാർക്‌സിൽനിന്ന് ഉൗർജം ഉൾകൊണ്ട് ഇന്ത്യയിലെ കമ്യൂണിസ്‌റ്റ് നേതാക്കൾ കൊളോണിയലിസത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് പഠിച്ചു. കൊളോണിയലിസത്തിന് എതിരായ കമ്യൂണിസ്‌റ്റ് പാർടിയുടെ അടിയുറച്ച നിലപാടുകൾക്ക് അടിസ്ഥാനമായത് ഇത്തരം അന്വേഷണങ്ങളായിരുന്നു– ഇർഫാൻ ഹബീബ് ചൂണ്ടിക്കാട്ടി.
യെച്ചൂരിയുടെ ജീവിതസന്ദേശം ജനങ്ങളിലേക്ക് എത്തിക്കാൻ പാർടി ആഭിമുഖ്യത്തിൽ സ്ഥിരം സംവിധാനമുണ്ടാക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പ്രഖ്യാപിച്ചു. പ്രമുഖ സാന്പത്തികവിദഗ്‌ധൻ പ്രൊഫ. പ്രഭാത് പട്‌നായിക് അധ്യക്ഷനായി സമിതിയുണ്ടാക്കും. ആദ്യപടിയായി ഏഷ്യയിലെ കമ്യൂണിസ്‌റ്റ്, തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രം വിശദമായി അടയാളപ്പെടുത്തുന്ന ഡിജിറ്റൽ ആർകൈവ് ഉണ്ടാക്കും.
രാജ്യവ്യാപകമായി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും– ബേബി പറഞ്ഞു. പ്രഭാത് പട്‌നായിക്, സിപിഐ എം മുതിർന്ന നേതാവ് പ്രകാശ് കാരാട്ട്, പൊളിറ്റ്‌ബ്യൂറോ അംഗങ്ങളായ യു വാസുകി, ആർ അരുൺകുമാർ എന്നിവർ പങ്കെടുത്തു. യെച്ചൂരിയുടെ കുടുംബാംഗങ്ങൾ, നടി ശർമിള ടാഗോർ, സിപിഐ എം പൊളിറ്റ്‌ബ്യൂറോ, കേന്ദ്രകമ്മിറ്റി അംഗങ്ങൾ, ഇടതുപക്ഷ എംപിമാർ തുടങ്ങിയവരും സന്നിഹിതരായിരുന്നു.









0 comments