യമുനയിൽ ജലനിരപ്പ് അപകടനിലയിലേക്ക്

ന്യൂഡൽഹി : ഡൽഹിയിൽ യമുനയിൽ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നു. ശനി രാവിലെ 9ഓടെ ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ യമുന നദിയിലെ ജലനിരപ്പ് 205.22 മീറ്ററിലെത്തി. അപകടനിരപ്പായ 205.33 മീറ്ററിൽ നിന്ന് ഏതാനും അടി താഴെയാണ് നിലവിലെ ജലനിരപ്പ്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും വെള്ളപ്പൊക്ക സമാനമായ സാഹചര്യം നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ ഏജൻസികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ജലനിരപ്പ് ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
വസീറാബാദ്, ഹാത്‌നികുണ്ഡ് ബാരേജുകളിൽ നിന്ന് ഓരോ മണിക്കൂറിലും ഉയർന്ന അളവിൽ വെള്ളം പുറത്തേക്ക് ഒഴുകുന്നതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് കേന്ദ്ര വെള്ളപ്പൊക്ക വിഭാഗത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. വെള്ളപ്പൊക്ക നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച് ഹാത്‌നികുണ്ഡിൽ നിന്ന് മണിക്കൂറിൽ 38,897 ക്യുസെക്സ് വെള്ളവും വസീറാബാദിൽ നിന്ന് മണിക്കൂറിൽ 45,620 ക്യുസെക്സ് വെള്ളവും തുറന്നുവിടുന്നുണ്ട്. പഴയ റെയിൽവേ പാലത്തിലെ ജലനിരപ്പ് നിരീക്ഷിച്ചാണ് അപകടസാധ്യത പ്രവചിക്കുന്നത്. നഗരത്തിനുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകട അടയാളം 205.33 മീറ്ററുമാണ്. ജലനിരപ്പ് 206 മീറ്ററായാൽ ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും.
ഡൽഹിയിൽ മഴ ആരംഭിച്ചതിനുശേഷം മൂന്ന് തവണയാണ് ജലനിരപ്പ് മുന്നറിയിപ്പ് പോയിന്റിനും മുകളിലെത്തിയത്. ആഗസ്ത് 8 ന് ജലനിരപ്പ് 205.15 മീറ്ററിലെത്തി. പിന്നീട് കുറഞ്ഞു.








0 comments