പാരാഗ്ലൈഡിങ്ങിനിടെ അപകടം; 2 മരണം

പനാജി: പാരാഗ്ലൈഡിങ്ങിനിടെ മലയിടുക്കിൽ ഇടിച്ച് വിനോദസഞ്ചാരിയും പരിശീലകനും മരിച്ചു. ശനിയാഴ്ച വൈകുന്നേരം വടക്കൻ ഗോവയിലെ കേരി ഗ്രാമത്തിലാണ് അപകടമുണ്ടായത്.
പൂനെ സ്വദേശിയായ ശിവാനി ഡബിൾ(27), നേപ്പാൾ പൗരനായ പരിശീലകൻ സുമാൽ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. ശനി വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു അപകടം. പാരാഗ്ലൈഡിങ് നടത്തിയ സ്‌പോർട്‌സ് കമ്പനി നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.
പറന്നുയർന്ന ഉടൻ തന്നെ പാരാഗ്ലൈഡർ മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് മരിച്ചു. മനുഷ്യജീവന് അപകടമുണ്ടാക്കിയതിന് ഭാരതീയ ന്യായ് സംഹിതയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കമ്പനി ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ മന്ദ്രേം പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.









0 comments