വിവാഹം, സ്ത്രീധനം, വിവാഹേതര ബന്ധം, ഗർഭഛിദ്രം: അഞ്ച് മാസത്തെ പീഡനത്തിനൊടുവിൽ യുവതി മരിച്ചു

ലഖ്‌നൗ: ഉത്തർപ്രദേശിൽ നവവധു തൂങ്ങിമരിച്ച നിലയിൽ. മധു സിങ് (32) എന്ന യുവതിയെയാണ് ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് മാസം മുമ്പാണ് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ അനുരാഗ് സിങുമായി മധുവിന്റെ വിവാഹം കഴിഞ്ഞത്.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ഇതേ തുടർന്നാണ് യുവതി മരിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു. അനുരാഗ് സിങ്ങിനെ അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഫെബ്രുവരി 25 ന് ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഇരുവരും തമ്മിൽ വിവാഹം കഴിക്കുന്നത്. അനുരാഗ് ഹോങ്കോങ്ങിലെ ഒരു ഷിപ്പ് മാനേജ്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. വിവാഹ സമയത്ത് അനുരാഗ് സ്ത്രീധനമായി 15 ലക്ഷം രൂപ ആവശ്യപ്പെട്ടതായി മധുവിന്റെ കുടുംബം ആരോപിച്ചു. അനുരാഗ് 15 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെടുന്നതിന്റെ വാട്സാപ്പ് ചാറ്റും കുടുംബം പങ്കുവച്ചു. എന്നാൽ തങ്ങൾക്ക് 5 ലക്ഷം രൂപ മാത്രമേ സംഘടിപ്പിക്കാൻ കഴിയൂ എന്ന് കുടുംബം അനുരാഗിനെ അറിയിച്ചു. ഇത് പറഞ്ഞപ്പോഴും മുഴുവൻ തുക കിട്ടണമെന്ന് അയാൾ ആവശ്യപ്പെടുന്നതിന്റെ സന്ദേശങ്ങളുണ്ട്.
കല്യാണത്തിന് ശേഷവും ബാക്കി തുക ആവശ്യപ്പെട്ട് അനുരാഗ് തന്നെ വിളിച്ച് സമ്മർദ്ദം ചെലുത്താറുണ്ടായിരുന്നു എന്ന് മധുവിന്റെ അച്ഛൻ ഫതേഹ് ബഹാദൂർ സിങ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ, ഹോളി കഴിഞ്ഞ ദിവസമാണ് അനുരാഗ് ആദ്യമായി മധുവിനെ ആക്രമിക്കുന്നത്. ഇത് സഹിക്കാനാവാതെ അവൾ വീട്ടിലേക്ക് തിരിച്ചു വന്നു. തുടർന്ന് സ്ത്രീധനം നൽകിയതിന് ശേഷമാണ് അനുരാഗ് അവളെ തിരികെ കൊണ്ടുപോയത്. പക്ഷേ പീഡനം തുടർന്നുവെന്നും പിതാവ് പരാതിയിൽ പറയുന്നു.
മധു ആരോടും സംസാരിക്കുന്നത് അനുരാഗിന് ഇഷ്ടമായിരുന്നില്ലെന്ന് സഹോദരി പ്രിയ പറഞ്ഞു. അവൾക്ക് ഒരു സാമൂഹിക ജീവിതം ഉണ്ടാകുന്നത് അയാൾ ആഗ്രഹിച്ചിരുന്നില്ല. സുഹൃത്തുക്കളോടോ ഞങ്ങളോടോ സംസാരിക്കരുതെന്ന് അയാൾ ആവശ്യപ്പെടുമായിരുന്നു. അയാൾ കൂടെ ഇല്ലാത്തപ്പൊ മാത്രമേ ഞങ്ങൾ സംസാരിക്കുമായിരുന്നുള്ളൂ. കാരണമില്ലാതെ മർദിക്കാറുണ്ടായിരുന്നു. തന്നോടൊപ്പം മദ്യപിക്കാൻ അയാൾ അവളെ നിർബന്ധിച്ചുവെന്നും പ്രിയ പറഞ്ഞു.









0 comments