മദ്യപിച്ചെത്തിയ യുവാക്കൾ കാറിൽ പിന്തുടർന്നു; അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. മദ്യപിച്ചെത്തിയ യുവാക്കൾ കാറിൽ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനെത്തുടർന്നുണ്ടായ അപകടത്തിലാണ് യുവതി കൊല്ലപ്പെട്ടത്. ദുർഗാപൂർ എക്സ്പ്രസ് വേയിൽ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
ഹൂഗ്ലി ചന്ദർനഗറിൽ താമസിക്കുന്ന സുതന്ദ്ര ഛതോപാധ്യായ(26) യാണ് മരിച്ചത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിലാണ് സുതന്ദ്ര ജോലി ചെയ്തിരുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഗയയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. കൊൽക്കത്തയ്ക്ക് 140 കിലോമീറ്റർ വടക്കുള്ള ബുർധ്വാനിലെ പമ്പിൽ വച്ചാണ് യുവാക്കൾ സുതന്ദ്രയുടെ വാഹനത്തെ പിന്തുടരാനാരംഭിച്ചത്. മദ്യപിച്ചെത്തിയ ഒരു കൂട്ടം യുവാക്കൾ ഇവരെ അസഭ്യം പറയുകയും പനഗഢ് ഭാഗത്തേക്ക് പോയ കാറിനെ പിന്തുടരുകയുമായിരുന്നു.
സുതന്ദ്രയുടെ കാറിനെ പല തവണ ഇടിക്കുകയും ഓവർടേക്ക് ചെയ്ത് വഴി മുടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇവരിൽ നിന്ന് രക്ഷപെടാൻ റോഡിൽ നിന്നും വാഹനം പെട്ടെന്ന് ഇടതുവശത്തേക്ക് തിരിക്കവെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. സമീപത്തുള്ള കടയിലും പൊതു ടോയ്ലറ്റിലും ഇടിച്ച വാഹനം തലകീഴായി മറിഞ്ഞു. സുതന്ദ്ര സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം നടന്നതോടെ അക്രമികൾ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടു. ഇവർക്കായി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് പറഞ്ഞു.









0 comments