വന്യജീവി ആക്രമണം ; മരണത്തിന്റെ കണക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി
രാജ്യത്ത് വന്യജീവി ആക്രമണത്തിലുണ്ടാകുന്ന മരണത്തിന്റെയും നാശനഷ്‌ടങ്ങളുടെയും കൃത്യമായ കണക്ക് ശേഖരിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. അഞ്ച് വർഷത്തിനിടെ ആനകളുടെ ആക്രമണത്തിൽ 2869 പേരും കടുവകളുടെ ആക്രമണത്തിൽ 378 പേരും മരിച്ചതായി കേന്ദ്രസർക്കാർ രാജ്യസഭയിൽ മറുപടി നൽകി.
അതേസമയം, മറ്റ് വന്യമൃഗങ്ങൾ കാരണമുണ്ടായ മരണങ്ങളുടെയും നാശനഷ്‌ടങ്ങളുടെയും കണക്ക് ശേഖരിക്കുന്നില്ലെന്ന് ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് വനം, പരിസ്ഥിതി മന്ത്രാലയം ഉത്തരം നൽകി. വന്യജീവി ആക്രമണം കാരണമുണ്ടായ വിളനാശം, കന്നുകാലികളുടെയും വളർത്തുമൃഗങ്ങളുടെയും മരണം തുടങ്ങിയവയുടെ വിശദാംശങ്ങളും ശേഖരിക്കുന്നില്ല. കർഷകരോടും ആദിവാസി വിഭാഗത്തോടുമുള്ള അവഗണന വ്യക്തമാക്കുന്നതാണ് കേന്ദ്രസർക്കാർ മറുപടിയെന്ന് ബ്രിട്ടാസ് പറഞ്ഞു.
ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ കാട്ടുപന്നികളെയും ചില വർഗത്തിൽപ്പെട്ട കുരങ്ങുകളെയും മറ്റും ക്ഷുദ്രജീവികളായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, സമാനമായ കേരളത്തിന്റെ ആവശ്യം തുടർച്ചയായി കേന്ദ്രസർക്കാർ നിരാകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ബ്രിട്ടാസ് പറഞ്ഞു.









0 comments