ആരാകും 2025ലെ ലോക സുന്ദരി? കാത്തിരിപ്പിന്റെ അവസാന മണിക്കൂർ

PHOTO CREDIT: X
ഹൈദരാബാദ്: ലോക സുന്ദരിയാരെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മിസ് വേൾഡ് മത്സരത്തിനായി തെലങ്കാന ഒരുങ്ങിക്കഴിഞ്ഞു. 72-ാമത് മിസ് വേൾഡ് കിരീടത്തിനായുള്ള അവസാന മത്സരം നാളെ ഹൈദരാബാദിൽ നടക്കും. 108 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികളാണ് വേദിയിൽ മാറ്റുരയ്ക്കുന്നത്. ഹൈദരാബാദിലുള്ള ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ മത്സരം സമാപിക്കും. നിലവിലെ മിസ് വേൾഡ് ജേതാവായ ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റിന പിസ്‌കോവ മത്സരത്തിന്റെ ഫൈനലിൽ തന്റെ പിൻഗാമിയെ കിരീടമണിയിക്കും.
ഫിനാലെ ശനിയാഴ്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം വൈകുന്നേരം 6:30 നാണ് നടക്കുക. തെരഞ്ഞെടുത്ത രാജ്യങ്ങളിലെ ദേശീയ ടെലിവിഷനിലൂടെയോ അല്ലെങ്കിൽ www.watchmissworld.com ലെ ഔദ്യോഗിക മിസ് വേൾഡ് പേ-പെർ-വ്യൂ പ്ലാറ്റ്‌ഫോം വഴിയോ ലോകമെമ്പാടുമുള്ള പ്രേഷകർക്ക് മത്സരം തത്സമയം കാണാം.ഇന്ത്യയിൽ, സോണിലിവ് ആണ് മത്സരം തത്സമയം സംപ്രേഷണം ചെയ്യുന്നത്. മിസ് വേൾഡ് മത്സരത്തിന്റെ ആകെ ചെലവ് 54 കോടിയാണെന്നാണ് കണക്കാക്കുന്നത്. ചെലവുകൾ തെലങ്കാന ടൂറിസം വകുപ്പും മിസ് വേൾഡ് ലിമിറ്റഡും തുല്യമായി വഹിക്കും.
മത്സരത്തിൽ ലോക സുന്ദരി പട്ടത്തിനായി ഇന്ത്യയിയെ പ്രതിനിധീകരിക്കുന്ന നന്ദിനി ഗുപ്തയിൽ പ്രതീക്ഷ ഏറുകയാണ്. 21കാരിയായ നന്ദിനി ഇതിനകം സെമി ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. മികച്ച 40 പേരിൽ ഒരാളായാണ് നന്ദിനി തിരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനിലെ കോട്ട സ്വദേശിയാണ് നന്ദിനി. മിസ് രാജസ്ഥാൻ ആയതിന് ശേഷം 2023ൽ നന്ദിനി മിസ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടു.
അതേസമയം, തെലങ്കാനയിൽ ഒരു മാസം നീണ്ടുനിന്ന പരിപാടികൾ പല വിവാദങ്ങൾക്കും കാരണമായി. തെലങ്കാനയിലെ പ്രസിദ്ധമായ രാമപ്പക്ഷേത്രം സന്ദർശിക്കുന്നതിനിടെ സ്ത്രീകൾ മിസ് വേൾഡ് മത്സരാർഥികളുടെ കാലുകൾ കഴുകുന്ന വീഡിയോ വലിയ വിവാദത്തിന് വഴിവച്ചിരുന്നു. സംഘാടകർക്കെതിരെ ഗുരുതര ആരോപണമുയർത്തി മിസ് വേൾഡ് മത്സരത്തിൽ നിന്നും മിസ് ഇംഗ്ലണ്ട് മില്ല മാഗി പിന്മാറി. പരിപാടിയുടെ പ്രായോജകരായ സമ്പന്നരായ മധ്യവയസ്‌കരായ പുരുഷന്മാരോട് ഇടപഴകാൻ സംഘാടകർ നിർബന്ധിച്ചെന്നും വിനോദപരിപാടികളിലും മറ്റും വിശ്രമിക്കാൻ അനുവദിക്കാതെ പങ്കെടുപ്പിച്ചെന്നും ആരോപിച്ചായിരുന്നു പിന്മാറ്റം.









0 comments