വ്യാജ എംബസി നടത്തിപ്പ് ; "അംബാസഡർ' ചില്ലറക്കാരനല്ല , ആയുധവ്യാപാരിയും ദല്ലാളും

ന്യൂഡൽഹി
യുപിയിൽ ‘വെസ്റ്റ് ആർക്ടിക്ക’ എന്ന ഇല്ലാത്ത രാജ്യത്തിന്റെ എംബസി പ്രവർത്തിപ്പിച്ച് ജോലി തട്ടിപ്പ് നടത്തിയതിന് അറസ്‌റ്റിലായ ഗാസിയബാദ് സ്വദേശി ഹർഷവർധൻ ജെയിൻ (47) ആയുധ കള്ളക്കടത്ത് ശൃംഖലയുടെ ഭാഗമാണെന്ന് പൊലീസ്. ഗാസിയാബാദിലെ സ്വകാര്യ കോളേജിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദം (ബിബിഎ) നേടിയ ഇയാൾ ലണ്ടനിൽ നിന്ന് എംബിഎയും നേടി. സബോർഗ, പൗൾവിയ, ലോഡോണിയ തുടങ്ങിയ നിലവിലില്ലാത്ത രാജ്യങ്ങളുടെ അംബാസിഡറെന്ന പേരിലും തട്ടിപ്പ് നടത്തി.
പിതാവ് ജെ ഡി ജെയിൻ വ്യവസായിയാണ്. കുടുംബത്തിന് രാജസ്ഥാനിൽ ജെ ഡി മാർബിൾസ് എന്ന പേരിൽ മാർബിൾ ഖനികളുണ്ട്. സ്വയം പ്രഖ്യാപിത ആൾദൈവമായ ചന്ദ്രസ്വാമി, അദ്നാൻ ഖഷോഗി എന്നിവരുമായി അടുത്ത ബന്ധമാണ്. ചന്ദ്രസ്വാമി വഴി സൗദി ആയുധ വ്യാപാരിയായ അദ്‌നാൻ ഖഷോഗിയെയും ഇന്ത്യയിൽ ജനിച്ച തുർക്കി പൗരനായ അഹ്‌സാൻ അലി സയ്യിദിനെയും പരിചയപ്പെട്ട് അനധികൃത ആയുധവ്യാപാര ശൃംഖലയുടെ ഭാഗമായി. യുകെയിൽ ഒരു ഡസനിലധികം ബ്രോക്കറേജ് സ്ഥാപനങ്ങൾ സ്ഥാപിച്ചിരുന്നു. സാമ്പത്തിക തട്ടിപ്പുകൾക്കും നിയമവിരുദ്ധമായ ആയുധ ഇടപാടുകൾക്കുമായി അത്തരം കമ്പനികൾ രൂപീകരിച്ചിരുന്നതായും അന്വേഷക സംഘം പറഞ്ഞു.
യുപിയിൽ വാടകയ്ക്ക് എടുത്ത വീട്ടിലാണ് ഇയാൾ എംബസി നടത്തിയത്. വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ പതിച്ച നാല് കാറുകൾ, 12 വ്യാജ നയതന്ത്ര പാസ്‌പോർട്ടുകൾ, വിദേശ കറൻസി, ഒന്നിലധികം കമ്പനികളുമായി ബന്ധപ്പെട്ട രേഖകൾ, വിദേശകാര്യ മന്ത്രാലയത്തിന്റെ സീൽ പതിച്ച വ്യാജ രേഖകൾ, രണ്ട് വ്യാജ പാൻ കാർഡുകൾ, വിവിധ രാജ്യങ്ങളുടെയും കമ്പനികളുടെയും 34 റബർ സ്റ്റാമ്പുകൾ, 18 വ്യാജ നയതന്ത്ര നമ്പർ പ്ലേറ്റുകൾ, 44.7 ലക്ഷം രൂപ എന്നിവ പ്രതിയിൽനിന്ന് കണ്ടെടുത്തു.









0 comments