ചുട്ടുപൊള്ളി ഇന്ത്യ; ഡൽഹിയിലും പഞ്ചാബിലും ഉഷ്ണതരംഗ മുന്നറിയിപ്പ്

ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും കനത്ത ചൂട്. ഡൽഹിയിൽ ഞായറാഴ്ചത്തെ പരമാവധി താപനില 38.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. സാധാരണ താപനിലയേക്കാൾ 3.1 ഡിഗ്രി കൂടുതലാണിത്. പഞ്ചാബിലും സ്ഥിതി ഏതാണ്ട് സമാനമായിരുന്നു. പഞ്ചാബിലെ ബതിന്ദയിലെ പരമാവധി താപനില 39.7 ഡിഗ്രി സെൽഷ്യസാണ്.
തിങ്കളാഴ്ച മുതൽ ഡൽഹിയിലും പഞ്ചാബിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ഏപ്രിൽ ആദ്യ ആഴ്ച മുതൽ ഹിമാചൽ, ഉത്തരാഖണ്ഡ് മുതലായ പല സംസ്ഥാനങ്ങളിലും താപനില 30 ഡിഗ്രിക്ക് മുകളിലാണ്. ഡൽഹിയിൽ താപനില 41 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പഞ്ചാബിലെ പല സ്ഥലങ്ങളിലും സാധാരണ താപനിലയേക്കാൾ ആറ് ഡിഗ്രി കൂടുതലാണ്. ഞായറാഴ്ച പട്യാലയിൽ 38.4 ഡിഗ്രി സെൽഷ്യസും, ലുധിയാനയിൽ 38.1 ഡിഗ്രി സെൽഷ്യസും, ഫരീദ്കോട്ടിൽ 38 ഡിഗ്രി സെൽഷ്യസും, ചണ്ഡീഗഡിൽ 37.4 ഡിഗ്രി സെൽഷ്യസും പരമാവധി താപനില രേഖപ്പെടുത്തി.
കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ഏപ്രിൽ 10 ഓടെ പഞ്ചാബിന്റെ തെക്ക്, പടിഞ്ഞാറൻ ഭാഗങ്ങളിൽ താപനില 40 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. ഹിമാചൽ പ്രദേശിൽ ഏപ്രിൽ 7, 9 തീയതികളിൽ പരമാവധി താപനില രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ ഉയരുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. സംസ്ഥാനത്തെ നാല് ജില്ലകളിലെ കാംഗ്ര, കുളു, മാണ്ഡി, സോളൻ എന്നിവിടങ്ങളിൽ ചില ഭാഗങ്ങളിൽ ഉഷ്ണക്കാറ്റ് വീശാൻ സാധ്യതയുണ്ട്. ഏപ്രിൽ 10, 11 തീയതികളിൽ നേരിയ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. ഞായറാഴ്ച സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തി. അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സംസ്ഥാനത്തെ 20 ലധികം സ്ഥലങ്ങളിൽ പരമാവധി താപനില 30 ഡിഗ്രി സെൽഷ്യസ് കടക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തരാഖണ്ഡിലെ ഡൂൺ ഉൾപ്പെടെയുള്ള മിക്ക പ്രദേശങ്ങളിലും പരമാവധി താപനില 36 ഡിഗ്രി സെൽഷ്യസ് കവിഞ്ഞു.









0 comments