മേഘാലയ കൊലപാതകം: 'കുറ്റക്കാരിയെങ്കിൽ തൂക്കിലേറ്റണം'; പിടിയിലായ സോനത്തിന്റെ കുടുംബം

ഇൻഡോര്‍: സോനം രഘുവംശിയെ കുടുംബത്തിലെ ഒരാളായി കണക്കാക്കുന്നില്ലെന്നും എല്ലാ ബന്ധവും ഉപേക്ഷിച്ചതായും കുടുംബം. കുറ്റക്കാരിയാണെങ്കിൽ സോനത്തെ തൂക്കിലേറ്റണമെന്നും സഹോദരൻ ഗോവിന്ദ് പ്രതികരിച്ചു. മേഘാലയയിൽ കൊല്ലപ്പെട്ട രാജ രഘുവംശിയുടെ വീട് സന്ദർശിച്ചതിന് ശേഷമായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
"കൊലപാതകത്തിന് പിന്നിൽ സോനമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന തെളിവുകൾ പ്രകാരം കൊല ചെയ്തത് സോനം തന്നെയാണെന്ന് നൂറ് ശതമാനം ഉറപ്പാണ്. രാജ് കുശ്വാഹയുമായി ബന്ധപ്പെട്ട ആളുകളുടെ പേരുകളാണ് പുറത്തുവന്നത്"- ഗോവിന്ദ് പറഞ്ഞു.
രാജയുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സോനം സന്തോഷവതിയായിരുന്നുവെന്നും വിവാഹത്തിന് രണ്ട് മാസം മുമ്പ് ആവശ്യ വസ്തുക്കൾ ഷോപ്പിംഗ് നടത്തിയിരുന്നുവെന്നും ഗോവിന്ദ് പറഞ്ഞു. രാജയെ എന്തെങ്കിലും ചെയ്താൽ അതിന്റെ അനന്തരഫലങ്ങൾക്ക് ഉത്തരവാദികൾ കുടുംബമായിരിക്കുമെന്ന് സോനം അമ്മയോട് പറഞ്ഞതായി വന്ന റിപ്പോർട്ടുകൾ ഗോവിന്ദ് നിഷേധിച്ചു.
സോനവും രാജ രഘുവംശിയും
ഉത്തർപ്രദേശിലെ ഗാസിപൂർ പൊലീസ് സ്റ്റേഷനിലാണ് കഴിഞ്ഞ ദിവസം സോനം കീഴടങ്ങിയത്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. മെയ് 23 നാണ് ഇരുവരെയും കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജൂൺ 2നാണ് രാജയുടെ മൃതദേഹം സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ ആഴത്തിലുള്ള മലയിടുക്കിൽ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് കത്തി കണ്ടെത്തിയതോടെയാണ് രഘുവംശിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
വാടക കൊലയാളികളുടെ സഹായത്തോടെയാണ് രാജയെ ഭാര്യ സോനം കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. രാജ് കുശ്വാഹ എന്നയാളുമായി സോനം പ്രണയത്തിലായിരുന്നുവെന്നും ഭർത്താവ് രാജിന്റെ കൊലപാതകം ആസൂത്രണം ചെയ്തതാണെന്നും പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മധ്യപ്രദേശിൽ നിന്നുള്ള മൂന്ന് വാടക കൊലയാളികളെ ഉപയോഗിച്ചാണ് സോനം കൃത്യം നടത്തിയത്.
രാജിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും സോനത്തെ കണ്ടെത്താനായിരുന്നില്ല. യുവതിക്കായി പൊലീസ് അന്വേഷണം വ്യപകമാക്കിയിരുന്നു. സോനം ഗാസിപൂരിൽ നിന്ന് കുടുംബത്തെ വിളിച്ചപ്പോഴാണ് കേസിൽ വഴിത്തിരിവ് ഉണ്ടായത്. തുടർന്ന് കുടുംബം ഇൻഡോർ പോലീസിനെ വിവരമറിയിച്ചു. ഉത്തർപ്രദേശിലെ ലോക്കൽ പൊലീസുമായി സഹകരിച്ചാണ് യുവതിയെ കണ്ടെത്തിയത്.









0 comments