യമുനയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ജനങ്ങൾക്ക് ജാഗ്രത നിർദേശം

ന്യൂഡൽഹി : യമുന നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ജനങ്ങൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ച് അധികൃതർ. ഡൽഹിയിലെ യമുന നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതായും ചൊവ്വാഴ്ച വൈകുന്നേരത്തോടെ 206 മീറ്ററായി മാറുമെന്നും പ്രവചിക്കപ്പെടുന്നതിനാൽ പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അധികൃതർ നിർദ്ദേശിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ഹാത്നികുണ്ഡ് ബാരേജിൽ നിന്ന് വെള്ളം തുറന്നുവിട്ടതിനെ തുടർന്ന് പഴയ റെയിൽവേ പാലത്തിൽ (ORB) യമുനയിലെ ജലനിരപ്പ് 204.87 മീറ്ററായി ഉയർന്നു. നദിയുടെ ഒഴുക്കും വെള്ളപ്പൊക്ക സാധ്യതകളും നിരീക്ഷിക്കുന്നതിനുള്ള പ്രധാന നിരീക്ഷണ കേന്ദ്രമാണ് പഴയ റെയിൽവേ പാലം. ഡൽഹിയിലേക്കുള്ള മുന്നറിയിപ്പ് അടയാളം 204.50 മീറ്ററും അപകടസൂചന 205.33 മീറ്ററുമാണ്, ജലനിരപ്പ് 206 മീറ്ററിലെത്തുമ്പോൾ ആളുകളെ ഒഴിപ്പിച്ചു തുടങ്ങും.
ഡൽഹിയിലെ ആറ് ജില്ലകളിലായി താഴ്ന്ന പ്രദേശങ്ങളിൽ ഏകദേശം 15,000 പേർ താമസിക്കുന്നുണ്ട്. ഏകദേശം 5,000 പേർ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നു. ഒആർബിയിലെ ജലനിരപ്പ് അപകടനില കടന്ന് 206.50 മീറ്ററിലെത്താൻ സാധ്യതയുള്ളതിനാൽ, എല്ലാ ഉദ്യോഗസ്ഥരും ജാഗ്രത നിർദേശങ്ങൾ പാലിക്കാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശിക്കുന്നുതായി മുന്നറിയിപ്പിൽ പറയുന്നു. നദീതീരങ്ങളിൽ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചു.
ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവും മുകളിലെ വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയും കണക്കിലെടുത്ത് സെപ്തംബർ 2 ന് വൈകുന്നേരം 5 മുതൽ 8 വരെ ഡൽഹി റെയിൽവേ പാലത്തിലെ ജലനിരപ്പ് 206 മീറ്റർ കവിയുമെന്നായിരുന്നു മുന്നറിയിപ്പ്. ജലസേചന നിയന്ത്രണ വകുപ്പിന്റെ കണക്കനുസരിച്ച് രാവിലെ 9 മണിക്ക് ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് 3,29,313 ക്യുസെക് വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. വസീറാബാദ് അണക്കെട്ടിൽ നിന്ന് ഏകദേശം 38,900 ക്യുസെക് വെള്ളവും പുറത്തേക്ക് ഒഴുക്കിവിട്ടു.
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ലക്ഷം ക്യുസെക്സ് വെള്ളം അണക്കെട്ടുകളിൽ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൽഹി ഡിവിഷണൽ കമീഷണർ നീരജ് സെംവാൾ പറഞ്ഞു.








0 comments