ആടിയുലഞ്ഞ്‌ ജെഡിയു

വഖഫ് ഭേദഗതി ബിൽ ; രാജ്യമെങ്ങും പ്രക്ഷോഭം

waqf protest

വഖഫ് ഭേദഗതി ബില്ലിനെതിരെ കൊൽക്കത്തയിൽ നടന്ന ന്യൂനപക്ഷങ്ങളുടെ പ്രതിഷേധറാലി

വെബ് ഡെസ്ക്

Published on Apr 05, 2025, 03:12 AM | 3 min read


ചെന്നൈ : വഖഫ് ഭേദഗതി ബിൽ പാതിരാചര്‍ച്ചയിലൂടെ രാജ്യസഭയും പാസാക്കിയതിനു പിന്നാലെ രാജ്യത്ത് വിവിധ ഭാ​ഗങ്ങളില്‍ ന്യൂനപക്ഷ സംഘടനകള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തി. അഹമ്മദാബാദിലും കൊല്‍ക്കത്തയിലും റാഞ്ചിയിലും ബിഹാറിലെ ചില കേന്ദ്രങ്ങളിലും വന്‍ പ്രതിഷേധമുയര്‍ന്നു. ഉത്തര്‍പ്രദേശില്‍ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ കനത്ത പൊലീസ് സന്നാഹത്തെ വിന്യസിച്ചു. വഖഫ് ബില്‍ ജനാധിപത്യവിരുദ്ധമാണെന്ന് മുദ്രാവാക്യം മുഴക്കി തെന്നിന്ത്യന്‍ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് ശക്തമായ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ചെന്നൈ, കോയമ്പത്തൂര്‍, തിരിച്ചിറപ്പള്ളി മേഖലകളില്‍ റാലികള്‍ നടന്നു.


വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം അഹമ്മദാബാദിലെ ജുമാ മസ്ജിദിലും സിദി സയ്യിദ് മോസ്കിലും പ്രക്ഷോഭകര്‍ തടിച്ചുകൂടി. അമ്പതിലേറെ പേരെ പൊലീസ് ബലംപ്രയോ​ഗിച്ച് അറസ്റ്റ്‌ ചെയ്തു. വഖഫ് ഭേദ​ഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കൊല്‍ക്കത്ത ന​ഗരത്തില്‍ വിവിധ ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ റാലി അരങ്ങേറി. ദേശീയപതാകയും വഹിച്ചുകൊണ്ട് നിരത്തുകളില്‍ നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. നഗരത്തിലെ പലഭാ​ഗത്തും ​ഗതാ​ഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു.


റാഞ്ചിയില്‍ എക്ര മസ്ജിദിനു മുന്നില്‍ വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം വന്‍ ജനാവലി ഒത്തുചേര്‍ന്ന് പ്രതിഷേധം രേഖപ്പെടുത്തി. ബില്ലിനെ പിന്തുണച്ച് ന്യൂനപക്ഷത്തെ ഒറ്റുകൊടുത്ത ജെഡിയുവിനെതിരെ ബിഹാറില്‍ വ്യാപകരോഷമുയര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ മുദ്രാവാക്യമുയര്‍ത്തി ആയിരങ്ങള്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.


ശക്തമായ പ്രതിഷേധം മുന്നില്‍ക്കണ്ട് യുപി പൊലീസ് ലഖ്‌നൗ, സംഭൽ, മൊറാദാബാദ്, മുസാഫർനഗർ മേഖലകളില്‍ പൊലീസ് വിന്യാസം ശക്തമാക്കി. ചില മേഖലകളില്‍ ഡ്രോൺ, സിസിടിവി നിരീക്ഷണം ഉൾപ്പെടെ നടത്തുന്നു.


ആടിയുലഞ്ഞ്‌ ജെഡിയു

വഖഫ്‌ ഭേദഗതി ബില്ലിൽ തട്ടി ബിഹാറിലെ ബിജെപി സഖ്യകക്ഷിയായ ജെഡിയുവിന്റെ അടിത്തറയിളകുന്നു. പാർലമെന്റിൽ ബില്ലിനെ പിന്തുണച്ച ജെഡിയു നിലപാടിൽ പ്രതിഷേധിച്ച്‌ മുതിർന്ന നേതാക്കളുൾപ്പെടെ രാജിവച്ചു. ബിൽ രാജ്യസഭയിൽ പാസായതിന്‌ പിന്നാലെയാണ്‌ അഞ്ചു നേതാക്കൾ പാർടി അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ്‌ കുമാറിന്‌ രാജിക്കത്ത്‌ കൈമാറിയത്‌. ജെഡിയു ന്യൂനപക്ഷവിഭാഗം ജനറൽ സെക്രട്ടറി തബ്രെസ്‌ സിദ്ദിഖി, സംസ്ഥാന സെക്രട്ടറി ഷാനവാസ്‌ മാലിക്‌, രാജു നയ്യാർ, നദീം അക്തർ, മുഹമ്മദ്‌ കാസിം അൻസാരി എന്നിവരാണ്‌ രാജിവച്ചത്‌. മുസ്ലിങ്ങളെ അടിച്ചമർത്തുന്ന നിയമത്തെ പിന്തുണച്ച്‌ വോട്ട്‌ ചെയ്ത ജെഡിയു നടപടി വിഷമിപ്പിച്ചെന്ന്‌ രാജിക്കത്തിൽ രാജു നയ്യാർ പറഞ്ഞു. ജെഡിയു മുസ്ലിം വിഭാഗത്തെ വഞ്ചിച്ചെന്ന്‌ തബ്രെസ്‌ സിദ്ദിഖി കത്തിൽ ആരോപിച്ചു. ബിഹാർ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ നേതാക്കളുടെ രാജിയും വഖഫ്‌ ബില്ലിലെ നിലപാടും ജെഡിയുവിനും നിതീഷ്‌ കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനത്തിനും വെല്ലുവിളിയായി. ഈ വർഷം ഒക്ടോബർ –- നവംബർ മാസങ്ങളിലാണ്‌ ബിഹാറിലെ 243 മണ്ഡലങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ .


പ്രതിഷേധം നേരിട്ട് ടിഡിപി, ജെഎസ്‌പി

വഖഫ്‌ ഭേദഗതി ബില്ലിനെ അനുകൂലിച്ച്‌ പാർലമെന്റിലെ ഇരുസഭകളിലും വോട്ട്‌ ചെയ്ത ബിജെപി സഖ്യകക്ഷികളായ ടിഡിപിക്കും ജെഎസ്‌പിക്കുമെതിരെ ആന്ധ്രയിൽ പ്രതിപക്ഷ പ്രതിഷേധം. ലോക്‌സഭയിൽ 16 സീറ്റുള്ള ടിഡിപിയുടെയും പവൻ കല്യാണിന്റെ ജെഎസ്‌പിയുടെയും പിന്തുണ വഖഫ്‌ ബിൽ പാസാകുന്നതിൽ നിർണായകമായി. ബില്ലിനെ പിന്തുണച്ച്‌ വോട്ട്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ ടിഡിപി എംപിമാർക്ക്‌ വിപ്പ്‌ നൽകിയിരുന്നു. ബില്ല്‌ ഭരണഘടനാ ലംഘനമാണെന്നും ന്യൂനപക്ഷ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി മുഖ്യ പ്രതിപക്ഷമായ വൈഎസ്‌ആർ കോൺഗ്രസ്‌ ബില്ലിനെതിരെയും ആന്ധ്രാ സർക്കാർ നിലപാടിനെതിരെയും രംഗത്തെത്തി. ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു മുസ്ലിം വഞ്ചകനാണെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ വൈ എസ്‌ ശർമിള ആരോപിച്ചു.


ജാമിയ മിലിയയിൽ പ്രതിഷേധം

വിവാദ വഖഫ്‌ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ സർവകലാശാലയിൽ വിദ്യാർഥിസംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം. വെള്ളി പകൽ സർവകലാശാലയ്‌ക്ക്‌ പുറത്ത്‌ നിരവധി വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചു. പകൽ രണ്ടോടെ സർവകലാശാലയുടെ ഏഴാം നമ്പർ ഗേറ്റിന്‌ പുറത്ത്‌ വിദ്യാർഥികൾ ബില്ലിന്‌ എതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ബില്ലിന്റെ പകർപ്പ്‌ കത്തിച്ചു. ഇതേതുടർന്ന്‌, സർവകലാശാലയിലും പരിസരത്തും സുരക്ഷ ശക്തമാക്കി.


സുപ്രീംകോടതിയിലേക്ക്

വഖഫ്‌ സ്വത്തുക്കൾ കൈയടക്കാൻ കേന്ദ്രസർക്കാർ പാസാക്കിയ വഖഫ്‌ ദേഭഗതി ബില്ലിനെതിരെ നിയമയുദ്ധത്തിന് വഴിയൊരുങ്ങി. ബില്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംപിമാരും നേതാക്കളും സുപ്രീംകോടതിയെ സമീപിച്ചു. എഐഎംഐഎം പാർടി തലവൻ അസദുദ്ദീൻ ഒവൈസി എംപിയും വഖഫ്ബില്ലിനായുള്ള സംയുക്ത പാർലമെന്ററി സമിതി അംഗവും ലോക്‌സഭയിലെ കോൺഗ്രസ്‌ ചീഫ്‌ വിപ്പുമായ മുഹമ്മദ് ജാവേദും അടക്കമുള്ളവര്‍ ഹര്‍ജി നല്കി. കോടതി വൈകാതെ ഹർജികള്‍ പരിഗണിക്കും. ഹിന്ദു, സിഖ് മതട്രസ്റ്റുകൾക്ക്‌ ഒരു പരിധിവരെ സ്വയംഭരണാധികാരം ഉള്ളപ്പോളാണ്‌ വഖഫ്‌ സ്ഥാപനങ്ങളിൽ സർക്കാർ പിടിമുറുക്കുന്നതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. അതേസമയം ഇരുസഭകളും പാസാക്കിയ ബിൽ രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ ബിൽ നിയമമാകും.





deshabhimani section

Related News

View More
0 comments
Sort by

Home