വഖഫ് ഭേദ​ഗതി ബിൽ 
പാര്‍ലമെന്റ് പാസാക്കി ; രാജ്യസഭയിലും എതിര്‍പ്പുയർത്തി പ്രതിപക്ഷം

waqf bill passed in rajya sabha
വെബ് ഡെസ്ക്

Published on Apr 04, 2025, 02:21 AM | 1 min read


ന്യൂഡൽഹി : പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പുകൾക്കിടെ കേന്ദ്രസർക്കാരിന്റെ വഖഫ്‌ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാകും. കഴിഞ്ഞദിവസം 288:232 ഭൂരിപക്ഷത്തിൽ ലോക്‍സഭ പാസാക്കിയ ബിൽ വെള്ളി പുലർച്ചെ രണ്ടോടെ രാജ്യസഭയും പാസാക്കി. ലോക്‌സഭയിലേതുപോലെ രാജ്യസഭയിലും പ്രതിപക്ഷം ബില്ലിനെ ഒറ്റക്കെട്ടായി എതിർത്തു. സിപിഐ എം അംഗങ്ങളായ ജോൺബ്രിട്ടാസ്‌, വി ശിവദാസൻ, എ എ റഹിം, സിപിഐ അം​ഗങ്ങളായ സന്തോഷ് കുമാർ, പി പി സുനീർ എന്നിവരടക്കം കൊണ്ടുവന്ന ഭേദ​ഗതി ശബ്ദവോട്ടോടെ തള്ളി.


വ്യാഴം പകൽ ഒന്നിന് അവതരിപ്പിച്ച ബില്ലിൽ 12 മണിക്കൂറിലേറെ നീണ്ട ചർച്ച പലപ്പോഴും പ്രക്ഷുബ്‌ധമായി. പ്രതിപക്ഷ അംഗങ്ങളുടെ വാദങ്ങൾ തടസ്സപ്പെടുത്താനുള്ള ബിജെപി അംഗങ്ങളുടെ ശ്രമം വലിയ കോലാഹലങ്ങൾക്ക്‌ കാരണമായി. ബില്ലിനെ രാജ്യസഭയിൽ ഇടതുപക്ഷ അംഗങ്ങൾ ശക്തമായി എതിർത്തു. സിപിഐ എം അംഗങ്ങളായ ജോൺബ്രിട്ടാസ്‌, വി ശിവദാസൻ, എ എ റഹിം, എന്നിവർ പ്രതിഷേധ സൂചകമായി കറുത്ത ഷർട്ടുകൾ ധരിച്ചാണ്‌ പങ്കെടുത്തത്‌. മതനിരപേക്ഷത, തുല്യത, ജനാധിപത്യം തുടങ്ങിയ ഭരണഘടനാമൂല്യങ്ങൾ ചവിട്ടിമെതിച്ചാണ്‌ കേന്ദ്രസർക്കാർ വഖഫ്‌ ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന്‌ സിപിഐ എം ഉപനേതാവ്‌ ബ്രിട്ടാസ്‌ പറഞ്ഞു. സിപിഐ അംഗം പി സന്തോഷ്‌കുമാറും ശക്തമായി ഇടപെട്ടു.


കേരള നിയമസഭയ്ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച കേന്ദ്രസഹമന്ത്രി ജോർജ് കുര്യന്റെ നടപടി വി ശിവദാസൻ എംപി സഭയിൽ തുറന്നുകാട്ടി. മുസ്ലിം വിഭാഗക്കാരുടെ വീടുകളും സ്ഥാപനങ്ങളും തെരഞ്ഞുപിടിച്ച്‌ ബുൾഡോസർ കയറ്റി ഇടിച്ചുനിരത്തുന്ന കേന്ദ്രസർക്കാർ അവരുടെ നന്മയ്ക്കു വേണ്ടിയാണ്‌ പുതിയ നിയമം കൊണ്ടുവരുന്നതെന്ന്‌ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന്‌ ജെഎംഎം അംഗം സർഫ്രാസ്‌ അഹമദ്‌ പറഞ്ഞു. മറുപടി പ്രസം​ഗത്തിൽ, പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളിൽ കേന്ദ്രമന്ത്രി കിരൺ റിജിജു കൃത്യമായി മറുപടി നൽകാതെ സമയംവൈകുന്നുവെന്ന് പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home