സിപിഐ എം എതിർക്കും
വഖഫ് ബിൽ വീണ്ടും ലോക്‌സഭയിൽ ; വെട്ടിലായി കോൺഗ്രസ് എംപിമാർ

ന്യൂഡൽഹി : ന്യൂനപക്ഷ അവകാശങ്ങള്‍ കവര്‍ന്ന് വഖഫ് സ്വത്തുകളിൽ കടന്നുകയറാനുള്ള വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാൻ ഉറച്ച് മോദി സർക്കാര്‍. കടുത്ത എതിര്‍പ്പിനിടെ ബുധനാഴ്‌ച ലോക്‌സഭ ബിൽ ചര്‍ച്ചചെയ്യും. എട്ട് മണിക്കൂർ ചർച്ച നടക്കും. 12 മണിക്കൂർ ചര്‍ച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി.
കഴിഞ്ഞവർഷം ആഗസ്‌തിൽ പാർലമെന്റിൽ അവതരിപ്പിച്ച ബിൽ ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ ആവശ്യപ്രകാരം ബിൽ സംയുക്ത പാർലമെന്ററി സമിതിയുടെ പരിഗണനയ്‌ക്ക് വിട്ടു. ബിജെപി എംപി ജഗദാംബികാപാൽ അധ്യക്ഷനായ ജെപിസി മുമ്പാകെ മൊത്തം 500ലേറെ ഭേദഗതി എത്തി. എന്നാൽ പ്രതിപക്ഷം മുന്നോട്ടുവച്ച എല്ലാ ഭേദഗതികളും ജെപിസി തള്ളി. സ്വീകരിച്ചത് ഭരണപക്ഷ അംഗങ്ങൾ അവതരിപ്പിച്ച 32 ഭേദഗതി മാത്രം. ഇത് ഉൾപ്പെടുത്തിയുള്ള ബില്ലാണ് ബുധനാഴ്‌ച അവതരിപ്പിക്കുക.
ലോക്‌സഭയിൽ എൻഡിഎക്ക് 293 അംഗങ്ങളാണുള്ളത്. ലോക്‌സഭയിൽ 272 അംഗങ്ങളുടെ പിന്തുണ കിട്ടിയാൽ ബിൽ പാസാകും. ടിഡിപിയും ജെഡിയുവും ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് ബിജെപിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. രാജ്യസഭയിൽ ബിൽ പാസാക്കാൻ 119 അംഗങ്ങളുടെ ഭൂരിപക്ഷം വേണം. 98 ബിജെപി അംഗങ്ങൾ ഉൾപ്പെടെ എൻഡിഎയ്‌ക്ക് 123 അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. ചർച്ചകളിൽ പങ്കെടുക്കണമെന്ന് അംഗങ്ങൾക്ക് ബിജെപി വിപ്പ് നൽകി.
വെട്ടിലായി കോൺഗ്രസ് എംപിമാർ
വഖഫ് ഭേദഗതി ബില്ലിനെ എതിർക്കരുതെന്ന് ക്രൈസ്തവ സഭാ നേതൃത്വം ആവശ്യപ്പെട്ടതോടെ വെട്ടിലായത് സംസ്ഥാനത്തെ കോൺഗ്രസ് എംപിമാർ. ചൊവ്വാഴ്‌ച ചേർന്ന ഇന്ത്യാ കൂട്ടായ്‌മയുടെ യോഗം ബില്ലിനെ ശക്തമായി എതിർക്കാനും തീരുമാനിച്ചു. ഇതോടെ കേരളത്തിൽ നിന്നുള്ള എംപിമാർക്ക് ബില്ലിനെ എതിർക്കാനും എതിർക്കാതിരിക്കാനും വയ്യെന്ന സ്ഥിതിയിലായി.
സംസ്ഥാനത്തെ ഈ പ്രത്യേകസ്ഥിതി ചർച്ചചെയ്യാൻ കേരളത്തിൽ നിന്നുള്ള എംപിമാരുടെ യോഗം കെ സി വേണുഗോപാൽ എംപിയുടെ വസതിയിൽ ചേർന്നു. ബുധൻ രാവിലെ സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പാർലമെന്ററി പാർട്ടിയോഗം ചേരുന്നുണ്ട്.
അതിനിടെ ബില്ലിനെ എതിർക്കുന്നതിൽ സംസ്ഥാനത്തെ യുഡിഎഫ് എംപിമാരിൽ ഭിന്നത രൂക്ഷമാണ്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം എംപി ഫ്രാൻസിസ് ജോർജ് ബില്ലിന്റെ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കാൻ അനുവദിക്കണമെന്ന് ഇന്ത്യ കൂട്ടായ്‌മ യോഗത്തിൽ ആവശ്യപ്പെട്ടു. ബില്ലിനെ എതിർക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളത്ത് ഹൈബി ഈഡൻ എംപിയുടെ ഓഫീസിനു മുന്നിലടക്കം മുനമ്പം സംരക്ഷണസമിതിയുടെ നോട്ടീസും പ്രത്യക്ഷപ്പെട്ടു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചത്.
സിപിഐ എം എതിർക്കും
സിപിഐ എം എംപിമാർ ലോക്-സഭയിൽ ചർച്ചയിൽ പങ്കെടുത്ത് വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുമെന്ന് പിബി കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട് പറഞ്ഞു. ‘വഖഫ് ബിൽ ബുധനാഴ്ച വീണ്ടും ലോക്‌സഭയിൽ വരികയാണ്. ഞങ്ങളുടെ പാർടി അതിനെ എതിർത്ത് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ചർച്ചയിൽ പങ്കെടുക്കേണ്ടതിനാലും ബില്ലിനെ എതിർത്ത് വോട്ട് ചെയ്യേണ്ടതിനാലും പാർടി എംപിമാരോട് ഡൽഹിയിൽ തന്നെ തുടരാൻ നിർദേശിച്ചിട്ടുണ്ട്. ആ ദിവസങ്ങളിൽ പാർടികോൺഗ്രസിൽ നിന്ന് അവധി അനുവദിക്കുകയും ചെയ്‌തു’. –- - കാരാട്ട് മധുരയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇതേ തുടർന്ന് സിസി അംഗം കെ രാധാകൃഷ്‌ണനും മധുര എംപിയും സംഘാടക സമിതി സെക്രട്ടറിയുമായ സു വെങ്കിടേശനുമടക്കമുള്ള എംപിമാർ ഡൽഹിക്ക് മടങ്ങി.









0 comments