വഖഫ് ഭേദഗതി ബിൽ ലോക്‍സഭ കടന്നു ,മിണ്ടാതെ രാഹുലും പ്രിയങ്കയും
വഖഫിന‍് വെട്ട് ; ലോക്സഭയിൽ കടുത്ത എതിർപ്പുയർത്തി പ്രതിപക്ഷം , ബിൽ ഇന്ന് രാജ്യസഭയിൽ

ന്യൂഡൽഹി : ജനങ്ങളെ ഭിന്നിപ്പിക്കാനും ന്യൂനപക്ഷ അവകാശങ്ങൾ കവർന്ന് വഖഫ് സ്വത്തുക്കളിൽ കടന്നുകയറാനും കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ കടുത്ത പ്രതിപക്ഷ എതിർപ്പിനിടെ ലോക്‌സഭ കടന്നു. പത്ത് മണിക്കൂറിലേറെ നീണ്ട ചർച്ചയ്ക്കൊടുവിൽ വ്യാഴം പുലർച്ചെ ഒന്നോടെ 232നെതിരെ 288 വോട്ടോടെയാണ് ബിൽ പാസാക്കിയത്. സിപിഐ എം ലോക്‍സഭാ നേതാവ് കെ രാധാകൃഷ്ണനടക്കം കൊണ്ടുവന്ന പ്രതിപക്ഷ ഭേദഗതികൾ ശബ്ദവോട്ടോടെ തള്ളി. അതേസമയം ബില്ലിനെ എതിർത്ത് ഒരുവാക്കുപോലും സംസാരിക്കാതെ ലോക്‍സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഒളിച്ചോടി.
വഖഫ് ബോർഡുകളുടെ അധികാരം വെട്ടിക്കുറച്ച് സ്വയംഭരണാവകാശം ഇല്ലാതാക്കുന്ന ബിൽ ബുധൻ പകൽ 12ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവാണ് അവതരിപ്പിച്ചത്. രാത്രി 12 വരെ ചർച്ച നീണ്ടു. മന്ത്രിയുടെ മറുപടിക്ക് ശേഷം പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെടുകയായിരുന്നു. ബിൽ വ്യാഴാഴ്‌ച രാജ്യസഭയിലും അവതരിപ്പിക്കും. ടിഡിപി, ജെഡിയു, എൽജെപി എന്നീ കക്ഷികളുടെ പിന്തുണ ഉറപ്പാക്കിയതോടെ നിലവിലുള്ള കക്ഷിബലം അനുസരിച്ച് ബില്ല് രാജ്യസഭയും കടക്കും.
മുസ്ലിങ്ങളുടെ അവകാശങ്ങൾ ഹനിക്കുന്നതും നിർണായക അധികാരങ്ങൾ സർക്കാരിൽ കേന്ദ്രീകരിക്കുന്നതുമായ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്ന് ചർച്ചയിൽ സിപിഐ എം, സിപിഐ, കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സമാജ്‌വാദി പാർടി, ഡിഎംകെ, നാഷണൽ കോൺഫറൻസ്, മുസ്ലിംലീഗ്, ജെഎംഎം, എഎപി, ആർജെഡി,വൈഎസ്‌ആർസിപി അംഗങ്ങൾ ചൂണ്ടിക്കാട്ടി. വഖഫ്‌ബോർഡിൽ മുസ്ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്താനുള്ള നീക്കം അംഗീകരിക്കാനാകില്ല. ബോർഡിൽ ആർഎസ്‌എസ്, ബിജെപി അംഗങ്ങളെ കുത്തിത്തിരുകാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്നും പ്രതിപക്ഷം തുറന്നുകാട്ടി. സംസാരിക്കവെ വഖഫ് ബില്ലിന്റെ പകർപ്പ് കീറി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി പ്രതിഷേധിച്ചു. പത്ത് മണിക്കൂറോളം നീണ്ട ചർച്ചയിൽ ഒരു മണിക്കൂർ 40 മിനിറ്റ് കോൺഗ്രസിന് അനുവദിച്ചിരുന്നിട്ടും രാഹുലോ പ്രിയങ്കയോ പങ്കെടുത്ത് സംസാരിച്ചില്ല. ജെഡിയു, എൽജെപി, ടിഡിപി പാർടികൾ ബില്ലിനെ പിന്തുണച്ചു.
വഖഫ് സ്വത്തായി പ്രഖ്യാപിക്കാൻ ബോർഡിന് അധികാരം നൽകുന്ന വഖഫ് നിയമത്തിലെ 40–-ാം വകുപ്പ് റദ്ദാക്കിയതായി കിരൺ റിജിജു അറിയിച്ചു. ഈ വ്യവസ്ഥ വലിയ രീതിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. കേരളത്തിലെ മുനമ്പത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് എല്ലാവർക്കും അറിയാം. യുപിഎ കാലത്ത് വഖഫിന് പരിമിതികളില്ലാത്ത അധികാരങ്ങൾ നൽകിയിരുന്നു. 2014ൽ ഭരണം മാറിയില്ലായിരുന്നെങ്കിൽ പാർലമെന്റ് വരെ വഖഫ് സ്വത്താക്കി മാറ്റുമായിരുന്നെന്നും റിജിജു പരിഹസിച്ചു. വഖഫ് ബിൽ പാവപ്പെട്ട മുസ്ലിങ്ങളെ സഹായിക്കാനുള്ളതാണെന്നും അതിൽ കൊള്ളയ്‌ക്കുള്ള മാർഗങ്ങൾ അടയ്‌ക്കുകയാണ് ചെയ്‌തതെന്നും ആഭ്യന്തരമന്ത്രി അമിത്‌ഷാ അവകാശപ്പെട്ടു.
വഖഫ് ഭേദഗതി ഇങ്ങനെ
● ഒരു വസ്തു വഖഫ് സ്വത്താണെന്ന് പ്രഖ്യാപിക്കാൻ വഖഫ് ബോർഡിന് അധികാരംനൽകുന്ന 1995ലെ നിയമത്തിലെ 40 –-ാംവകുപ്പ് ഒഴിവാക്കി. ബോർഡിന്റെ സിഇഒ മുസ്ലിം ആയിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കി.
●തർക്കത്തിലുള്ള സ്വത്ത് വഖഫ് സ്വത്താണോ സർക്കാർ സ്വത്താണോ എന്ന് തീരുമാനിക്കുന്നത് സർക്കാർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ
● വഖഫ് സ്വത്തുക്കൾ സർവേ നടത്തി നിർണയിക്കാനുള്ള സർവേ ചുമതല വഖഫ് കമീഷണർമാരിൽനിന്ന് മാറ്റി കലക്ടർമാർക്ക് നൽകി
● അഞ്ച് വർഷമായി ഇസ്ലാം മതം പിന്തുടരുന്നു എന്ന് തെളിയിക്കുന്നവർക്ക് മാത്രമേ ഇനി വഖഫ് ദാനം ചെയ്യാനാകൂ
● പുതിയ നിയമം പ്രാബല്യത്തിലായി ആറു മാസത്തിനകം എല്ലാ വഖഫുകളും വീണ്ടും രജിസ്റ്റർ ചെയ്തിരിക്കണം. രേഖാമൂലമുള്ള കരാർ വഴി മാത്രമേ വഖഫ് ഭൂമിയാകൂ. ഉപയോഗത്തിലൂടെ വഖഫ്, വാക്കാൽ വഖഫ് എന്നിവ ഒഴിവാക്കി
● ദീർഘകാലം രേഖകളില്ലാതെ വഖഫ് ആയി ഉപയോഗിച്ചിരുന്ന സ്വത്തുകൾ നിലവിൽ സർക്കാരിന്റെ കൈവശമോ തർക്കത്തിലോ ആണെങ്കിൽ ഇനി വഖഫ് ആയി കണക്കാക്കില്ല.
● നിയമത്തിന് മുമ്പോ ശേഷമോ വഖഫ് സ്വത്താണെന്ന് കണ്ടെത്തിയ ഒരു സർക്കാർ ഭൂമിയും ഇനി വഖഫായി പരിഗണിക്കില്ല.
● വഖഫ് ബോർഡിന്റെയും ട്രിബ്യൂണലിന്റെയും തീരുമാനങ്ങൾ ഹൈക്കോടതിയിൽ ചോദ്യംചെയ്യാം
● കേന്ദ്ര വഖഫ് കൗൺസിലിലും സംസ്ഥാന വഖഫ് ബോർഡുകളിലും മുസ്ലിം ഇതര വിഭാഗക്കാരെയും ഉൾപ്പെടുത്തും
● കേന്ദ്ര വഖഫ് കൗൺസിലിൽ കേന്ദ്രത്തിന് നിർദേശിക്കാവുന്ന മൂന്ന് എംപിമാർ, മുൻ ജഡ്ജിമാർ എന്നിവർ മുസ്ലിം വിഭാഗത്തിലുള്ളവരാകണം എന്ന നിബന്ധന ഒഴിവാക്കി
● ഏതു വഖഫ് വസ്തുവും ഏതു സമയത്തും ഓഡിറ്റ് നടത്താൻ കേന്ദ്രസർക്കാരിന് അധികാരം









0 comments