വഖഫ് ബിൽ രാജ്യസഭയിൽ: ചർച്ച തുടരുന്നു

ന്യൂഡൽഹി: ലോക്സഭയിൽ പാസാക്കിയ വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കേന്ദ്ര മന്ത്രി കിരൺ റിജിജു തന്നെയാണ് ബില്ല് ലോക്സഭയിലും അവതരിപ്പിച്ചത്. രാജ്യസഭയിൽ ബില്ലിന്മേൽ ചർച്ച തുടരുന്നു.
ഇന്നലെ 14 മണിക്കൂറിലേറെ നീണ്ട നടപടികൾക്ക് ശേഷമാണ് ബിൽ ലോക്സഭ കടന്നത്. 288 പേർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ ബില്ലിനെ എതിർത്ത് വോട്ട് ചെയ്തു. പ്രിയങ്ക ഗാന്ധിയുൾപ്പെടെ 23 പേർ ഹാജരായില്ല. രാഹുൽഗാന്ധി സഭയിൽ എത്തിയെങ്കിലും ചർച്ചകളിൽ പങ്കെടുത്തില്ല. പിന്നീട് എക്സിൽ ആയിരുന്നു പ്രതികരണം.
പ്രതിപക്ഷ അംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികൾ തള്ളിയാണ് ലോക്സഭയിൽ പാസാക്കിയത്. കെ. രാധാകൃഷ്ണൻ, എൻ.കെ. പ്രേമചന്ദ്രൻ കെ.സി. വേണുഗോപാൽ, ഇ.ടി. മുഹമ്മദ് ബഷീർ, എന്നിവരുടെ നിർദേശങ്ങളും അംഗീകരിച്ചില്ല. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്.
വഖഫ് ബില്ലിൽ ചർച്ചകൾ തുടരുകയാണ്. ഹോളിദിവസത്തില്‍ യു പിയിലെ മുസ്ലീം പള്ളികള്‍ ടാര്‍പായ ഉപയോഗിച്ച് മറയ്ക്കുന്നു. പള്ളികള്‍ കെട്ടി മറയ്‌ക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ല. നിങ്ങള്‍ കേരളത്തിലേക്ക് വരൂ, ആറ്റുകാല്‍ പൊങ്കാല ആഘോഷം കഴിഞ്ഞ ദിവസം കേരളത്തിൽ നടന്നു. എല്ലാ മതവിഭാഗവും ഒരുമിച്ചാണ് ആഘോഷിച്ചത്. ഇതാണ് കേരളത്തിന്റെ സംസ്‌കാരമെന്നും ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
മുനമ്പത്തെ ആര്‍ക്കും വീട് നഷ്ടമാകില്ല. 5 ലക്ഷം ഭവനരഹിതര്‍ക്ക് വീട് നല്‍കാമെങ്കില്‍ മുനമ്പത്ത് ജനങ്ങളെ സംരക്ഷിക്കാന്‍ ഇടതുപക്ഷത്തിന് അറിയാം. നിങ്ങളുടെ മുതലക്കണ്ണീര്‍ തിരിച്ചറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും ചര്‍ച്ചയ്ക്കിടെ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
ലോക് സഭയെ അപേക്ഷിച്ച് രാജ്യസഭയിൽ ഭരണ പ്രതിപക്ഷ അംഗബലത്തിലെ വ്യത്യാസം കുറവാണ്. ഇരുപക്ഷത്തിന്റെയും പരമാവധി സാധ്യത 130- 106 എന്ന ക്രമത്തിലാണ്.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സർക്കാർ ബിൽ അവതരിപ്പിച്ചത്. പുതിയതായി രണ്ട് വ്യവസ്ഥകൾ ചേർത്തു. ജെ പി സി നിർദ്ദേശിച്ച 14 ഭേദഗതികളും വരുത്തി.









0 comments