പുതുപ്രക്ഷോഭങ്ങൾക്ക് തുടക്കം കുറിക്കും ; വോട്ടർ അധികാർ യാത്രയ്ക്ക് നാളെ പട്നയില്‍ സമാപനം


എം അഖിൽ
Published on Aug 31, 2025, 03:44 AM | 1 min read
ന്യൂഡൽഹി
ലക്ഷക്കണക്കിനു വോട്ടർമാരുടെ സമ്മതിദാനാവകാശം നിഷേധിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനെ ചെറുക്കാൻ ബിഹാറില്‍ പ്രതിപക്ഷ കൂട്ടായ്‌മ സംഘടിപ്പിച്ച ‘വോട്ടർ അധികാർ യാത്ര’ തിങ്കളാഴ്ച സമാപിക്കും. ഭാവിപ്രക്ഷോഭങ്ങളുടെ കാഹളമുയര്‍ത്തുന്ന ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വിശാല വേദിയാകും. 25 ജില്ലകളിലെ 110 നിയമസഭാ മണ്ഡലങ്ങളിലൂടെ 1300 കിലോമീറ്റർ താണ്ടിയാണ് വോട്ടർ അധികാർ യാത്ര പട്‌നയിൽ സമാപിക്കുന്നത്. ഗാന്ധി മൈതാനത്തുനിന്നും അംബേദ്‌കർ പാർക്കിലേക്ക് ലക്ഷങ്ങൾ അണിചേരുന്ന പദയാത്ര സംഘടിപ്പിക്കും.
സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നിരയിലെ ഉന്നതരും നിരവധി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അണിനിരക്കും.
ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനകീയപ്രക്ഷോഭങ്ങളിൽ ഒന്നായി വോട്ടർ അധികാർ യാത്ര മാറി. കടന്നുപോയ ജില്ലകളിലെല്ലാം വന്‍ജനപങ്കാളിത്തം ദൃശ്യമായി. ജെഡിയു–ബിജെപി സർക്കാരിനെതിരായ ജനരോഷമാണ് യാത്രയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ തെളിയുന്നത്.
ശനിയാഴ്‌ച സരണിൽ എത്തിയ യാത്രയ്ക്ക് സമാജ്‌വാദി പാർടി നേതാവും ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിന്റെ സാന്നിധ്യം ആവേശം പകർന്നു. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അശോക് ധാവ്‌ളെ, കേന്ദ്രകമ്മിറ്റി അംഗം അവ്‌ധേഷ് കുമാർ, സംസ്ഥാന സെക്രട്ടറി ലല്ലൻ ചൗധ്‌രി തുടങ്ങിയവരും യാത്രയുടെ ഭാഗമായി.









0 comments