വോട്ടുകള്ളന്മാർ ജനാധിപത്യത്തിന്റെ 
ശത്രുക്കൾ: എം എ ബേബി

ബിഹാറിൽ തുടങ്ങിയത്‌ ഇന്ത്യയുടെ പ്രക്ഷോഭം

cpim

ഫോട്ടോ: പി വി സുജിത്

വെബ് ഡെസ്ക്

Published on Sep 02, 2025, 03:14 AM | 2 min read


പട്ന

ദേശീയ രാഷ്‌ട്രീയത്തിലും ബിഹാറിലും വലിയ ചലനങ്ങൾ സൃഷ്‌ടിക്കുന്നതാണ് പ്രതിപക്ഷ കൂട്ടായ്‌മ സംഘടിപ്പിച്ച വോട്ട്‌ അധികാർ യാത്രയ്‌ക്ക്‌ ലഭിച്ച വൻ സ്വീകാര്യത. കേന്ദ്രസർക്കാരിനും ബിജെപിക്കുംവേണ്ടി തെരഞ്ഞെടുപ്പ് കമീഷൻ ദേശീയ, സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ നടത്തുന്ന ജനാധിപത്യവിരുദ്ധ ഇടപെടലുകളാണ്‌ ലോകത്തിനുമുന്നിൽ ചർച്ചയായത്‌. ലക്ഷക്കണക്കിന് പൗരരുടെ വോട്ടവകാശം നിഷേധിക്കാൻ വഴിയൊരുക്കുന്ന ബിഹാറിലെ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയ്‌ക്കെതിരായ ‘വോട്ടുകള്ളന്മാർ സിംഹാസനമൊയൂ'- എന്ന മുദ്രാവാക്യം ജനങ്ങൾ ഏറ്റെടുത്തു. കുട്ടികൾപോലും ഈ മുദ്രാവാക്യം മനഃപാഠമാക്കി.


ഭരണഘടനാസ്ഥാപനമായ തെരഞ്ഞെടുപ്പ്‌ കമീഷൻ മോദി സർക്കാരിന്റെ റിമോട്ട്‌ കൺട്രോൾ അനുസരിച്ചാണ്‌ പ്രവർത്തിക്കുന്നതെന്ന വസ്‌തുത നാട്ടുകാരെ ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനു സാധിച്ചു. 400ൽ അധികം സീറ്റുകൾ നേടി മോദി വീണ്ടും അധികാരത്തിലെത്തിയാൽ ബിജെപിയും ആർഎസ്‌എസും ഭരണഘടന മാറ്റിമറിക്കുമെന്ന സന്ദേശമാണ്‌ 2024 പൊതുതെരഞ്ഞെടുപ്പിൽ പ്രതിപക്ഷം പ്രധാനമായും ഉന്നയിച്ചിരുന്നത്‌. ന്യൂനപക്ഷ, ദളിത്‌, പിന്നാക്ക വിഭാഗക്കാർക്കിടയിൽ ഇ‍ൗ സന്ദേശം എത്തിയതിന്റെ ഫലമായി തെരഞ്ഞെടുപ്പിൽ ബിജെപിക്ക്‌ ക്ഷീണമുണ്ടായി. ഭരണഘടന പോലെതന്നെ സാധാരണക്കാരന്റെ ഉള്ളിൽതൊടുന്ന വിഷയമാണ്‌ ‘വോട്ട്‌.’


ഇ‍ൗ ജനരോഷവും ശക്തമായ ഭരണവിരുദ്ധ വികാരവും കൂടിചേർന്നാൽ ബിഹാറിൽ ബിജെപി–ജെഡിയു സർക്കാർ നിലംപൊത്തുമെന്നാണ്‌ പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടൽ. ബിഹാർ മാതൃകയിൽ തീവ്ര പുനഃപരിശോധന മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കാൻ മോദിസർക്കാരും തെരഞ്ഞെടുപ്പ്‌ കമീഷനും നീക്കം തുടങ്ങിയിട്ടുണ്ട്‌. അതുകൊണ്ടുതന്നെ, വോട്ടുവെട്ടിന്‌ എതിരായ രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ നാന്ദിയാണ്‌ ബിഹാറിൽ ഉണ്ടായിരിക്കുന്നത്‌.


വോട്ടുകള്ളന്മാർ ജനാധിപത്യത്തിന്റെ 
ശത്രുക്കൾ: എം എ ബേബി

വോട്ടുമോഷണം നടത്തുന്ന ബിജെപിയും ആർഎസ്‌എസും ജനാധിപത്യത്തിന്റെ ശത്രുക്കളാണെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. സംഘപരിവാറിന്‌ പങ്കാളിത്തമേയില്ലാത്ത സ്വാതന്ത്ര്യസമരത്തിന്റെ ഉൽപ്പന്നങ്ങളായ ഭരണഘടനയും ജനാധിപത്യ സംവിധാനങ്ങളെയും തകർക്കുകയെന്നത്‌ ബിജെപിക്കും ആർഎസ്‌എസിനും താൽപര്യമുള്ള കാര്യമാണ്‌.വോട്ടവകാശം ഹനിക്കാനുള്ള നീക്കങ്ങൾക്കെതിരായ പോരാട്ടം ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്‌. പ്രതിപക്ഷം ഒറ്റക്കെട്ടായി വോട്ടവകാശം സംരക്ഷിക്കാനായി വലിയ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുമെന്ന്‌ ബേബി പറഞ്ഞു. വോട്ട്‌ അധികാർ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ബിഹാര്‍ ജനതയെ പറ്റിക്കാൻ നോക്കുന്ന ആൾക്കാരുടെ മുഖമടച്ചുള്ള മറുപടി ജനങ്ങൾ വോട്ടിലൂടെ നൽകുമെന്ന്‌ ബിഹാർ പ്രതിപക്ഷ നേതാവ്‌ തേജസ്വി യാദവ്‌ പറഞ്ഞു. ​

രാജ്യസഭ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെ, ജാർഖണ്ഡ്‌ മുഖ്യമന്ത്രി ഹേമന്ത്‌ സോറൻ , സിപിഐ എംഎൽ ജനറൽസെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, സിപിഐ നേതാവ്‌ ആനിരാജ, ശിവസേന ഉദ്ധവ്‌ വിഭാഗം എംപി സഞ്‌ജയ്‌ റാവത്ത്‌, തൃണമൂൽ കോൺഗ്രസ്‌ എംപി യൂസഫ്‌ പഠാൻ തുടങ്ങിയവരും സംസാരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.


സത്യം രാജ്യം അറിയും: രാഹുൽ ഗാന്ധി

വോട്ട്‌മോഷണത്തിന്റെ കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവിടുമെന്ന്‌ ലോക്‌സഭാ പ്രതിപക്ഷ നേതാവ്‌ രാഹുൽ ഗാന്ധി പറഞ്ഞു. ആദ്യം പുറത്തുവിട്ടത്‌ ആറ്റംബോംബാണെങ്കിൽ ഇനി പുറത്തുവിടാൻ പോകുന്നത്‌ അതിനേക്കാൾ വീര്യം കൂടിയ ഹൈഡ്രജൻ ബോംബാണ്‌. അതോടെ നിങ്ങളുടെ വോട്ടുമോഷണത്തിന്റെ മുഴുവൻ സത്യവും രാജ്യം അറിയും– രാഹുൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home