ബിഹാർ വോട്ട് കൊള്ള ; അലയടിച്ച് ‘ഇന്ത്യ’യുടെ പ്രതിഷേധം

ന്യൂഡൽഹി
പൗരരുടെ വോട്ടവകാശം ഹനിക്കുന്ന തെരഞ്ഞെടുപ്പ് കമീഷൻ നീക്കത്തിനെതിരെ പ്രതിഷേധം മുഴക്കി ബിഹാർ തെരുവുകൾ. ഞായറാഴ്‌ച സാസാറാമിൽ ആരംഭിച്ച ഇന്ത്യ കൂട്ടായ്മയുടെ പ്രതിഷേധ ‘വോട്ട് അധികാർ യാത്ര’ രണ്ടാം ദിവസവും ജനസാഗരമായി.
തിങ്കളാഴ്‌ച ഒൗറംഗാബാദിലും ഗയയിലും റോഡിനിരുവശവും വൻ ജനാവലി അണിനിരന്നു. ‘വോട്ട് മോഷണം അനുവദിക്കില്ല’ മുദ്രാവാക്യം മുഴക്കി ജനങ്ങൾ രാഹുൽ ഗാന്ധി, തേജസ്വി യാദവ്, മുകേഷ് സാഹ്നി, സുഭാഷിണി അലി തുടങ്ങിയ ഇന്ത്യ കൂട്ടായ്മ നേതാക്കളുടെ വാഹനറാലിക്ക് പിന്തുണയറിയിച്ചു. തീവ്ര പുനഃപരിശോധനയ്ക്കുശേഷം വോട്ടർപ്പട്ടികയിൽനിന്ന് പേര് നീക്കപ്പെട്ടവർ നേതാക്കളെ കാണാനെത്തി. ‘ജനങ്ങളുടെ കൈയിലുള്ള രേഖകളൊന്നും തെരഞ്ഞെടുപ്പ് കമീഷന് വേണ്ട, ഇല്ലാത്ത രേഖകൾ കൊണ്ടുവരാനാണ് ആവശ്യപ്പെടുന്നത്’– സ്വന്തമായി ഭൂമിയില്ലെന്നതിനാൽ വോട്ടവകാശം നിഷേധിക്കപ്പെട്ട സുനിലിന്റെ പരാതികേട്ട തേജസ്വി യാദവ് പറഞ്ഞു. വോട്ട് മോഷണം തടയുംവരെ പോരാട്ടം തുടരുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ‘വോട്ട് അധികാർ യാത്ര’ 1300 കിലോമീറ്റർ സഞ്ചരിച്ച് സെപ്തംബർ ഒന്നിന് പട്‌നയിൽ സമാപിക്കും.









0 comments