'ഇങ്ങനെ അലറിവിളിക്കാതെ, വായടക്ക്'; പ്രസവമുറിയിൽ മരുമകളെ പരിഹസിക്കുന്ന അമ്മായിയമ്മ; വീഡിയോ വൈറലായതോടെ വിമർശനം

പ്രയാഗ്രാജ്: ആശുപത്രിയിലെ ലേബർ റൂമിൽ പ്രസവത്തിനായുള്ള ഒരുക്കങ്ങൾക്കിടെ മരുമകളെ അമ്മായിയമ്മ കളിയാക്കുകയും ശകാരിക്കുകയും ചെയ്യുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സങ്കീർണ്ണതകൾ കാരണം സിസേറിയൻ പരിഗണിക്കുമ്പോഴും, യുവതി സ്വാഭാവിക പ്രസവത്തിന് തയ്യാറാകണം എന്ന് നിർബന്ധിച്ചുകൊണ്ടാണ് അമ്മായിയമ്മ മരുമകളോട് രോഷാകുലയായത്. വേദനയെടുത്ത് കരഞ്ഞ മരുമകളെ അമ്മായിയമ്മ പരിഹസിക്കുന്നതും ഗൈനക്കോളജിസ്റ്റ് പങ്കുവെച്ച വീഡിയോയിൽ കാണാം.
പ്രയാഗ്രാജിലെ ഒരു ആശുപത്രിയിലാണ് സംഭവം. പ്രസവത്തിനായി വാരണാസിയിൽ നിന്നാണ് കുടുംബം ഇവിടെ എത്തിയത്. "വായടക്ക്, ഇല്ലെങ്കിൽ ഞാൻ നിന്റെ വായ അടപ്പിക്കും. ഇങ്ങനെ കരഞ്ഞാൽ നീ എങ്ങനെ അമ്മയാകും?" എന്ന് അമ്മായിയമ്മ പറയുന്നതും ഭർത്താവുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അവരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. വേദന സഹിക്കാതെ മരുമകൾ മകന്റെ കൈയ്യിൽ പിടിച്ചപ്പോൾ, കൈ വിടാൻ ആവശ്യപ്പെട്ടുകൊണ്ട് അമ്മായിയമ്മ അതിലും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്.
'കൈ വിട് കൈ വിട് എന്ന് അമ്മായിയമ്മ പറയുന്നതും അടുത്ത് നിക്കുന്നയാൾ എന്തിനാ കൈ വിടീക്കുന്നത് എന്ന് ചോദിക്കുന്നതും വിഡിയോയിൽ കാണാം.
വീഡിയോ പങ്കുവെച്ച ഗൈനക്കോളജിസ്റ്റ് ഡോ. നാസ് ഫാത്തിമ, ഗർഭകാലത്തും പ്രസവസമയത്തും കുടുംബാംഗങ്ങൾ ഗർഭിണികളോട് സ്നേഹത്തോടെയും കരുതലോടും കൂടി പെരുമാറേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. "ഈ സമയത്ത് എല്ലാവരും സ്നേഹത്തോടെ സംസാരിക്കണം," ഡോക്ടർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.









0 comments