തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു: ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ ഓഫീസ് ജീവനക്കാർ അറസ്റ്റിൽ

aap
ഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷിയുടെ രണ്ട് ഓഫീസ് ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് അഞ്ച് ലക്ഷം രൂപ കൈവശം വച്ചതിന് ചൊവ്വാഴ്ച രാത്രി ഫ്ളൈയിങ് സ്ക്വാഡ് പിടികൂടി കൈമാറുകയായിരുന്നു. അറസ്റ്റിലായവരിൽ ഒരാൾ അതിഷിയുടെ പേഴ്സനൽ അസിസ്റ്റന്റും ഒരാൾ ഡ്രൈവറുമാണെന്നാണ് പൊലീസ് പറയുന്നത്.
തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് ഡൽഹിയിൽ പലയിടത്തും പണം വിതരണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരുടെ കാർ പരിശോധിച്ചപ്പോൾ പണം ലഭിക്കുകയായിരുന്നു. വോട്ട് അട്ടിമറിക്കാൻ ശ്രമം നടത്തുന്നുണ്ടെന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ വ്യാപക പരിശോധനയാണ് ഡൽഹിയിൽ നടക്കുന്നത്. അറസ്റ്റുമായി ബന്ധപ്പെട്ട വാർത്തകൾക്ക് ആം ആദ്മി പാർടിയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.
70 നിയമസഭാ സീറ്റുകളിലേക്ക് ഒറ്റഘട്ടമായാണ് ഡൽഹിയിൽ വോട്ടെടുപ്പ് നടക്കുന്നത്. 699 പേരാണ് ജനവിധി തേടുന്നത്. ഫെബ്രുവരി എട്ട് ശനിയാഴ്ചയാണ് ഫലപ്രഖ്യാപനം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, പ്രകാശ് കാരാട്ട്, ബൃന്ദാ കാരാട്ട് എന്നിങ്ങനെ പ്രമുഖർ പോളിംഗ് ബൂത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
തുടർച്ചയായി മൂന്നാം തവണ അധികാരം ലക്ഷ്യമിട്ടായിരുന്നു ആം ആദ്മിയുടെ പ്രചരണം. അധികാരം തിരിച്ചു പിടിക്കാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നത്. 35000 ത്തോളം പൊലീസ്, അർദ്ധ സൈനിക വിഭാഗത്തയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്.









0 comments