യുഎസ് ഇടപെടൽ തള്ളി വിക്രം മിസ്രി

ന്യൂഡൽഹി
വിദേശസെക്രട്ടറി വിക്രം മിസ്രി വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി മുമ്പാകെ ഹാജരായി ഇന്ത്യ–-പാക് സംഘർഷ സാഹചര്യം വിശദീകരിച്ചു. വെടിനിർത്തൽ ധാരണയ്ക്ക് പിന്നിൽ അമേരിക്കയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചതായാണ് സൂചന. ഉഭയകക്ഷി ചർച്ചകളുടെ ഫലമായാണ് വെടിനിർത്തൽ ധാരണ ഉരുത്തിരിഞ്ഞത്. ഇതുസംബന്ധിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ മിസ്രി പൂർണമായി തള്ളി.
പരമ്പരാഗത സൈനികനടപടികളുടെ പരിധിയിൽപ്പെടുന്ന നടപടികളാണ് ഇന്ത്യ നടത്തിയത്. പാകിസ്ഥാന്റെ ഭാഗത്തുനിന്ന് ആണവ ഇടപെടലുണ്ടാകുമെന്ന സൂചന ലഭിച്ചിട്ടില്ല. ഇന്ത്യ പാകിസ്ഥാന്റെ വ്യോമകേന്ദ്രങ്ങൾ ആക്രമിച്ചു. അവരുടെ സൈനികനീക്കങ്ങളുടെ താളംതെറ്റിക്കുകയായിരുന്നു ഉദ്ദേശ്യം. രാജ്യത്തെ സൈനിക, ജനവാസ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ പാക് കടന്നാക്രമണങ്ങൾക്കുള്ള മറുപടിയായിരുന്നു ഇന്ത്യയുടെ ആക്രമണങ്ങളെന്നും വിക്രം മിസ്രി പറഞ്ഞു. കോൺഗ്രസ് എംപി ശശി തരൂരാണ് സ്‌റ്റാൻഡിങ് കമ്മിറ്റി തലവൻ.









0 comments