അഹമ്മദാബാദ് വിമാന ദുരന്തം; വിജയ് രൂപാണി ഉൾപ്പടെ 32 പേരുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഞായർ രാവിലെ 11.10 ന് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു.
ഡിഎൻഎ പരിശോധനയിലൂടെ ഇതുവരെ 32 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 14 പേരുടെ മൃതദേഹങ്ങൾ അവരുടെ കുടുംബങ്ങൾക്ക് കൈമാറിയെന്നും അധികൃതർ അറിയിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്‌തു.
ഇതുവരെ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഗുജറാത്തിലെയും രാജസ്ഥാനിലെയും വിവിധ സ്ഥലങ്ങളിൽ നിന്നുള്ളവരാണെന്ന് അഡീഷണൽ സിവിൽ സൂപ്രണ്ട് ഡോ. രജനീഷ് പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഇതുവരെ 32 ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയിട്ടുണ്ട്, 14 മൃതദേഹങ്ങൾ ഇതിനകം കുടുംബങ്ങൾക്ക് കൈമാറി. ഉദയ്പൂർ, വഡോദര, ഖേഡ, മെഹ്സാന, അർവല്ലി, അഹമ്മദാബാദ്, ബോട്ടാഡ് ജില്ലകളിൽ നിന്നുള്ളവരാണ് മരിച്ചവർ," മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞിരിക്കുന്നതിനാൽ അധികൃതർ ഡിഎൻഎ പരിശോധന നടത്തിവരികയാണ്.
വ്യാഴാഴ്ച അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട AI 171 വിമാനം പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനത്താവളത്തിന് പുറത്ത് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച ഉച്ചയ്ക്ക് 1:30ഓടെയാണ് അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവളത്തിൽ നിന്ന് എയർ ഇന്ത്യ വിമാനം പറന്നുയർന്നത്. ടേക്ക് ഓഫിന് നിമിഷങ്ങൾക്കകം വിമാനം തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ഇതുവരെ 270 പേർ മരിച്ചു. മരിച്ചവരിൽ 241 പേർ യാത്രക്കാരും 29 പേർ ബിജെ മെഡിക്കൽ കോളേജിലെ വിദ്യാർഥികളും സമീപവാസികളുമാണ്.









0 comments