ലണ്ടനിൽ ആടിപ്പാടി വിജയ് മല്യയും ലളിത് മോദിയും

ന്യൂഡൽഹി
ശതകോടികൾ വെട്ടിച്ച് രാജ്യംവിട്ട വിജയ് മല്യയും ലളിത് മോദിയും ലണ്ടനിൽ ആഡംബരവിരുന്നിൽ ആടിപ്പാടുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ. അമേരിക്കൻ ഗായകൻ ഫ്രാങ്ക് സിനാട്രയുടെ ‘ആൻഡ് നൗ ദി എൻഡ് ഈസ് നിയർ’ മല്യക്കൊപ്പം പാടുന്നതിന്റെ വീഡിയോ ലളിത് മോദിയാണ് സമൂഹമാധ്യമത്തിൽ പങ്കിട്ടത്. വീഡിയോ വിവാദമാകുമെന്ന് ഉറപ്പുണ്ടെന്നും അതുണ്ടാക്കാൻ താൻ മിടുക്കനാണെന്നുമുള്ള അടിക്കുറിപ്പുമുണ്ട്.
കോടികൾ വെട്ടിച്ച് മുങ്ങിയ സാമ്പത്തിക കുറ്റവാളികളെ തിരിച്ചെത്തിക്കാൻ കേന്ദ്രസർക്കാർ ഉദാസീനത പുലർത്തുന്നെന്ന വിമർശങ്ങളെ ശരിവയ്‌ക്കുന്ന ദൃശ്യങ്ങളാണിവ. ലണ്ടനിൽ ലളിത് മോദിയുടെ വസതിയിലായിരുന്നു വിരുന്ന്. വിവിധ രാജ്യങ്ങളിൽനിന്ന് എത്തിയവരും ലളിത് മോദിയുടെ സുഹൃത്തുക്കളുമടക്കം 310 പേർ പങ്കെടുത്തു.
ഐപിഎൽ സ്ഥാപക ചെയർമാനായ ലളിത് മോദി 2010ലാണ് രാജ്യംവിട്ടത്. നിരവധി കേസുകളിൽ ഇഡിയും മറ്റ് ഏജൻസികളും അന്വേഷണം നടത്തുന്നതിനിടെയായിരുന്നു നാടുവിടൽ. രാജസ്ഥാൻ മുൻമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ വസുന്ധര രാജെയുടെ അടുത്ത അനുയായിരുന്നു ലളിത്. പൊതുമേഖലാ ബാങ്കുകളിൽനിന്നുൾപ്പെടെ 9000 കോടിയിലധികം രൂപ തട്ടിച്ചാണ് വിജയ് മല്യ 2016ൽ രാജ്യംവിട്ടത്.









0 comments