ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നാളെ: ബിആർഎസും ബിജെഡിയും വിട്ടുനിൽക്കും

ന്യൂഡൽഹി: പതിനേഴാമത് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്‌തംബർ ഒമ്പതിന് നടക്കും. പുതിയ പാർലമെന്റ് മന്ദിരത്തിൽ പകൽ 10 മുതൽ അഞ്ച് വരെയാണ് പോളിങ്. ഭാരത് രാഷ്ട്ര സമിതിയും (ബിആർഎസ്) ബിജു ജനതാദളും (ബിജെഡി) സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അറിയിച്ചു.
തെലങ്കാനയിലെ യൂറിയ ക്ഷാമത്തോടുള്ള സർക്കാരിന്റെ നിസംഗതയ്‌ക്കെതിരായ പ്രതിഷേധ സൂചകമായാണ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുന്നതെന്ന് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവു പറഞ്ഞു. ലഭ്യമായിരുന്നെങ്കിൽ 'നൺ ഓഫ് ദി എബോവ്' (NOTA) ഓപ്ഷൻ പാർടി തെരഞ്ഞെടുക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിആർഎസിനും ബിഡിഎസിനും കൂടി 11 എം പിമാരാണ് ഉള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രീതിക്ക് പാത്രമായ ജഗ്‌ദീപ് ധൻഖർ ജൂലൈ 21 നാണ് രാജിവച്ചത്. ലോക്‌സഭാ – രാജ്യസഭാ എംപിമാരാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ഇലക്‌ട്രൽ കോളേജ് അംഗങ്ങൾ. 782 ആണ് നിലവിലെ ഇലക്‌ട്രൽ കോളേജ് സംഖ്യ. ജയിക്കാന്‍ 392 വോട്ട്. ബിജെപിക്ക് 341 എംപിമാരുണ്ട്. എൻഡിഎയില്‍ 426 പേരും.
മഹാരാഷ്ട്ര, തമിഴ്‌നാട് ഗവർണറായിരുന്ന സി പി രാധാകൃഷ്ണനാണ് എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥി. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷമായ ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.









0 comments