ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ; ജസ്റ്റിസ് സുദർശൻ റെഡ്ഡിക്ക് സ്വീകരണം നൽകി

ന്യൂഡൽഹി
പ്രതിപക്ഷത്തിന്റെ ഉപരാഷ്‌ട്രപതി സ്ഥാനാർഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിക്ക് ഇന്ത്യ കൂട്ടായ്‌മ നേതാക്കൾ സ്വീകരണം നൽകി. പഴയ പാർലമെന്റ് മന്ദിരമായ സംവിധാൻ സദനിൽ നടന്ന ചടങ്ങിൽ മുതിർന്ന നേതാക്കൾ പങ്കെടുത്തു. ജനങ്ങളുടെ ശബ്‌ദം അടിച്ചമർത്തപ്പെടുമ്പോൾ അധികാരകേന്ദ്രങ്ങൾ വഴിതെറ്റുന്നെന്ന് ചടങ്ങിൽ സുദർശൻ റെഡ്ഡി പറഞ്ഞു. ജനാധിപത്യമൂല്യങ്ങൾ പുനഃസ്ഥാപിക്കാനുള്ള വിളക്കാണ് ബി സുദർശൻ റെഡ്ഡിയുടെ സ്ഥാനാർഥിത്വമെന്ന് സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് ജോൺ ബ്രിട്ടാസ് പറഞ്ഞു. മുൻ ഉപരാഷ്‌ട്രപതിയെ അപമാനിച്ച് രാജിവയ്‌പ്പിച്ചത് നാം കണ്ടു.
രാജ്യത്തെ ജനാധിപത്യം അത് സംരക്ഷിക്കേണ്ടവരിൽനിന്ന് ഭീഷണി നേരിടുകയാണ്. പാർലമെന്ററി നിലവാരം ഗണ്യമായി ഇടിഞ്ഞു – ബ്രിട്ടാസ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി, രാജ്യസഭ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ, സിപിഐ എം ലോക്‍സഭാ നേതാവ് കെ രാധാകൃഷ്ണന്‍, എൻസിപി അധ്യക്ഷൻ ശരദ് പവാർ, ആം ആദ്‌മി നേതാവ് സഞ്ജയ് സിങ്, സമാജ്‌വാദി എംപി രാം ഗോപാൽ യാദവ്, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങിയവർ പങ്കെടുത്തു.
സി പി രാധാകൃഷ്ണൻ പത്രിക സമർപ്പിച്ചു
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി സി പി രാധാകൃഷ്ണൻ ബുധനാഴ്‌ച നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിങ്, ജെ പി നഡ്ഡ തുടങ്ങിയവർ സന്നിഹിതരായി. പ്രതിപക്ഷ സ്ഥാനാർഥി ജസ്റ്റിസ് ബി സുദർശൻ റെഡ്ഡി വ്യാഴാഴ്‌ച നാമനിർദേശ പത്രിക നൽകും. സെപ്തംബർ ഒമ്പതിനാണ് തെരഞ്ഞെടുപ്പ് .









0 comments