ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ; ശക്തമായ രാഷ്‌ട്രീയ പോരാട്ടത്തിന് പ്രതിപക്ഷം

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചശേഷം പ്രതിപക്ഷനേതാക്കളായ കനിമൊഴി, മല്ലികാര്‍ജുൻ ഖാര്‍ഗെ, എം എം ബേബി, കെ സി വേണുഗോപാൽ എന്നിവര്‍
ന്യൂഡൽഹി
ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ റിട്ട. ജസ്റ്റിസ് ബി സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയാക്കുകവഴി ശക്തമായ രാഷ്‌ട്രീയ പോരാട്ടത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബിഹാർ വോട്ടർപ്പട്ടികയുടെ തീവ്ര പുനഃപരിശോധന, തെരഞ്ഞെടുപ്പ് ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ രൂപപ്പെട്ട പ്രതിപക്ഷ ഐക്യം മുന്നോട്ടുകൊണ്ടുപോവുകയെന്ന ലക്ഷ്യവും മത്സരത്തിന് പിന്നിലുണ്ട്. ആർഎസ്‌എസിനും സംഘപരിവാറിനുമെതിരായ രാഷ്‌ട്രീയ പോരാട്ടമായാണ് മത്സരത്തെ പ്രതിപക്ഷം വിശേഷിപ്പിക്കുന്നത്. പ്രതിപക്ഷ കൂട്ടായ്‌മയിലില്ലാത്ത ആന്ധ്ര തെലങ്കാന പാർടികളുടെ പിന്തുണകൂടി ഇൗ സ്ഥാനാർഥിത്വത്തിലൂടെ പ്രതിപക്ഷം താൽപ്പര്യപ്പെടുന്നുണ്ട്.
ലോക്‌സഭയിലും രാജ്യസഭയിലുമായി 788 എംപിമാർക്കാണ് വോട്ടവകാശം. ലോക്‌സഭയിൽ ഒന്നും രാജ്യസഭയിൽ അഞ്ചും സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. 782 എംപിമാരാണ് വോട്ടുചെയ്യുക. ജയിക്കാൻ വേണ്ടത് 392 വോട്ട്. എൻഡിഎക്കുള്ളത് 423 എംപിമാരുടെ പിന്തുണ. ഇന്ത്യ കൂട്ടായ്‌മയ്‌ക്കുള്ളത് 326 വോട്ട്. കൂട്ടായ്‌മയിൽ ഇല്ലാത്ത എഎപി സുദർശൻ റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വൈഎസ്‌ആർസിപി, ബിആർഎസ്, ബിജെഡി തുടങ്ങി കൂട്ടായ്‌മയിലില്ലാത്ത പാർടികളുടെകൂടി പിന്തുണ ഉറപ്പിച്ച് പരമാവധി വോട്ട് നേടാൻ പ്രതിപക്ഷം ശ്രമിക്കും. ഇരുസഭകളിലുമായി വൈഎസ്‌ആർസിപിക്ക് 11, ബിആർഎസിന് മൂന്ന് എംപിമാരുണ്ട്. ഒപ്പം എൻഡിഎയുടെ ഭാഗമായ 18 എംപിമാരുള്ള ടിഡിപിയിലും രണ്ട് എംപിമാരുള്ള ജനസേനാ പാർടിയിലും ആശയക്കുഴപ്പം സൃഷ്‌ടിക്കുകയെന്ന ലക്ഷ്യവുമുണ്ട്.
ടിഡിപിയും വൈഎസ്ആര്‍സിപിയും എൻഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ വിപ്പ് ബാധകമല്ലാത്തതിനാൽ ആന്ധ്രയിലെയും തെലങ്കാനയിലെയും ഭൂരിഭാഗം എംപിമാരുടെ പിന്തുണ ഇന്ത്യ കൂട്ടായ്‌മ പ്രതീക്ഷിക്കുന്നു. സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയായി തീരുമാനിച്ച യോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയെ കൂടാതെ എംപിമാരായ കെ രാധാകൃഷ്‌ണൻ, ജോൺ ബ്രിട്ടാസ്, പി സന്തോഷ് കുമാർ എന്നിവരും പങ്കെടുത്തു.









0 comments